ജയന്തനെതിരായ ആരോപണം; സി.പി.എം അന്വേഷിക്കും

തൃശൂര്‍: വടക്കാഞ്ചേരി നഗരസഭയിലെ പാര്‍ട്ടിയുടെ കൗണ്‍സിലര്‍ ജയന്തനെതിരായ പീഡനാരോപണത്തില്‍ സി.പി.എം അന്വേഷണം തുടങ്ങി. വ്യാഴാഴ്ച ഇതുസംബന്ധിച്ച് തിരുവനന്തപുരത്ത് യുവതിയുടെ വെളിപ്പെടുത്തലുണ്ടായ  ഉടന്‍ സി.പി.എം അവൈലബിള്‍ ജില്ലാ കമ്മിറ്റി ചേര്‍ന്നു. വടക്കാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ ചുമതലയുള്ള സേവ്യര്‍ ചിറ്റിലപ്പിള്ളിയും ഏരിയാ സെക്രട്ടറി പി.എന്‍. സുരേന്ദ്രനും യോഗത്തില്‍ പങ്കെടുത്തു. കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കുന്നത് സംബന്ധിച്ച് ജയന്തന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്.

പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കും വിധം ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യക്കാരുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ആരോപണം ഗൗരവമുള്ളതായതിനാല്‍ അന്വേഷണം അനിവാര്യമാണെന്ന് ജില്ലാ നേതാക്കള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഏരിയാ കമ്മിറ്റി അന്വേഷണത്തിലേക്ക് കടന്നു. തനിക്കെതിരായ ആരോപണം അവാസ്തവമാണെന്നും അക്കാര്യം പാര്‍ട്ടിയെ ബോധിപ്പിച്ചിട്ടുണ്ടെന്നാണ് ജയന്തന്‍ പറയുന്നത്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു കാലത്ത് ഈ ആരോപണം ഉയരുകയും ജയന്തന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയില്‍ ഒരു വിഭാഗം രംഗത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ നേതാക്കളുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ജയന്തന് സ്ഥാനാര്‍ഥിത്വത്തിന് അത് തടസ്സമായില്ല.
മുതിര്‍ന്ന നേതാവും മന്ത്രിയുമായ എ.സി. മൊയ്തീന്‍െറ നാട്ടിലാണ് നഗരസഭാ കൗണ്‍സിലര്‍ കൂടിയായ പാര്‍ട്ടി നേതാവിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത് എന്നതിനാല്‍ മുഖം രക്ഷിക്കാന്‍ നടപടി വേണമെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. ഇത്തരമൊരു ആരോപണം വീണ്ടും ഉയരുമെന്ന് പാര്‍ട്ടിയില്‍ ചിലര്‍ക്ക് അറിയാമായിരുന്നുവെന്നും സംസാരമുണ്ട്.

 

 

Tags:    
News Summary - cpm may take action against Jayanthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.