കണ്ണൂർ: സി.പി.എം പ്രവർത്തകർ പ്രതികളായ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് ഫേസ്ബുക്കിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയ ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ ഇന്ന് സി.പി.എം വിശദീകരണ യോഗം നടത്തും. ആകാശിന്റെ നാടായ തില്ലങ്കേരിയിൽ വൈകീട്ട് അഞ്ചിനാണ് പൊതുയോഗം. ആകാശും കൂട്ടാളികളും ഹീറോപരിവേഷം നൽകുന്ന സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജനും പൊതുയോഗത്തിൽ പങ്കെടുക്കും.
ജില്ല സെക്രട്ടറി എം.വി. ജയരാജൻ, പി. പുരുഷോത്തമൻ, എൻ.വി. ചന്ദ്രബാബു എന്നിവരാണ് യോഗത്തിൽ സംബന്ധിക്കുന്ന മറ്റുള്ളവർ. ക്വട്ടേഷൻ ലഹരി മാഫിയ സംഘങ്ങൾക്കെതിരെ എന്ന പേരിലാണ് പരിപാടി. പ്രദേശത്തെ സി.പി.എം പ്രവർത്തകരും ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികളും തമ്മിൽ ഏതാനും ആഴ്ചകളായി സമൂഹമാധ്യമങ്ങളിൽ നടത്തുന്ന പോരാണ് പാർട്ടിക്ക് ക്ഷതമേൽപിക്കുന്ന തരത്തിൽ വികസിച്ചത്.
അതിനിടെ, ഒരുമാസത്തിനിടയിൽ തങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്ന് ഷുഹൈബ് വധക്കേസിലെ പ്രധാന പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് ഇട്ട പോസ്റ്റ് ഇരുപത് മിനിറ്റുകൾക്കകം അപ്രത്യക്ഷമായി. ‘ഞങ്ങളിൽ ഒരാൾ ഒരുമാസംകൊണ്ട് കൊല്ലപ്പെടും. ഉത്തരവാദി പാർട്ടി അല്ല. മുതലെടുപ്പ് നടത്തി ലാഭം കൊയ്യാൻ രാഷ്ട്രീയ എതിരാളികളായ ആർ.എസ്.എസും മറ്റും ശ്രമിക്കുന്നുണ്ട്. കൊലപാതകത്തിന്റെ പാപക്കറ കൂടി ഈ പാർട്ടിയുടെമേൽ മേൽകെട്ടി െവച്ച് വേട്ടയാടരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുന്നു. ഞങ്ങളുടെ ശവം നോക്കി ഒരു നിമിഷംപോലും പാർട്ടിയെ തെറ്റിദ്ധരിക്കരുത്. തമ്മിലടിച്ച് ചോരകുടിക്കുന്ന മാധ്യമങ്ങൾ നമ്മുടെ കുറിപ്പായി ഇതു കരുതണം’ എന്നിങ്ങനെയാണ് കുറിപ്പ്.
രക്തസാക്ഷി കുടുംബത്തെ അപമാനിച്ചെന്ന ഡി.വൈ.എഫ്.ഐ ആരോപണത്തിനും ജിജോ തില്ലങ്കേരി മറുപടിയുമായി രംഗത്തെത്തിയിരുന്നു. ‘ആർ.എസ്.എസുകാരന്റെ കൊലപാതക കേസിൽ പാർട്ടിക്കായി ജയിലിൽപോയ ആളാണ് ആകാശ്. രക്തസാക്ഷി കുടുംബത്തെ അപമാനിച്ചു എന്നതരത്തിലാണ് പ്രചാരണം. ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതെ’ എന്നായിരുന്നു ആ കുറിപ്പ്.
സി.പി.എമ്മിനെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സംഘത്തിലെ മറ്റൊരംഗമായ ജയപ്രകാശ് തില്ലങ്കേരിയും കുറിപ്പിട്ടു. പ്രാദേശിക വിഷയങ്ങളിൽ പാർട്ടിയെ വലിച്ചിടുന്നത് മാധ്യമങ്ങളാണെന്നും എന്ത് നിലപാടെടുത്താലും പാർട്ടിയോടൊപ്പം എന്നുമുണ്ടാകുമെന്നും സി.പി.എമ്മിനെ തകർക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നുമാണ് ജയപ്രകാശിന്റെ പോസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകയുടെ പരാതിയിലുള്ള കേസിൽ ജാമ്യത്തിലിറങ്ങിയവരാണ് ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.