കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രൻ

കാലിക്കറ്റ് വി.സിയുടെ സ്റ്റാഫിലെ സി.പി.എമ്മുകാരെ ഒഴിവാക്കി; പുതുതായി ബി.ജെ.പി പ്രതിനിധികളും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്റെ ഓഫിസ് സ്റ്റാഫില്‍ വൻ അഴിച്ചുപണി. സി.പി.എമ്മുകാരെ പൂര്‍ണമായി ഒഴിവാക്കി ബി.ജെ.പി പ്രതിനിധികളടക്കമുള്ളവരെ സ്റ്റാഫായി നിയമിച്ച് ഉത്തരവിറങ്ങി.

അസിസ്റ്റന്റ് രജിസ്ട്രാര്‍ ജീവന്‍ മാത്യു കുര്യന്‍, സെക്ഷന്‍ ഓഫിസര്‍മാരായ കെ.ആര്‍. സുഭാഷ്, എം.പി. സറീന, അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി.എന്‍. ശ്രീശാന്ത്, സി.പി. മുഹമ്മദ് ഷഫീഖ്, സി. രൂപേഷ്, ഇ.എം. നജീബ്, ബിജേഷ് മണ്ണില്‍, ബി.കെ. പ്രേംരാജ്, ഷഹീന്‍, റിലേഷ്, ഡ്രൈവര്‍ റഷീദ് എന്നിവരെയാണ് പുതുതായി നിയമിച്ചത്. ഇതില്‍ ശ്രീശാന്ത്, രൂപേഷ് എന്നിവര്‍ ബി.ജെ.പി അനുകൂല സര്‍വിസ് സംഘടനയായ എംപ്ലോയീസ് സെന്റര്‍ അംഗങ്ങളാണ്.

മറ്റുള്ളവര്‍ കോണ്‍ഗ്രസ്, മുസ്‍ലിം ലീഗ് സര്‍വിസ് സംഘടനകളായ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍, സോളിഡാരിറ്റി ഓഫ് യൂനിവേഴ്‌സിറ്റി എംപ്ലോയീസ് അംഗങ്ങളാണ്.

ഓര്‍ഗനൈസേഷന് ഏഴു പ്രതിനിധികളും സോളിഡാരിറ്റിക്ക് നാലു പ്രതിനിധികളാണുമുള്ളത്. മുന്‍ വി.സി ഡോ. എം.കെ. ജയരാജിന്റെ പേഴ്‌സനൽ സ്റ്റാഫിലുണ്ടായിരുന്ന, സി.പി.എം അനുകൂല സര്‍വിസ് സംഘടനയായ യൂനിവേഴ്‌സിറ്റി എംപ്ലോയീസ് അംഗങ്ങളെ മറ്റ് ഓഫിസുകളിലേക്കു മാറ്റി. ഇതില്‍ ചിലരെ രജിസ്ട്രാറുടെ ഓഫിസിലെ ഒഴിവുള്ള സീറ്റുകളിലേക്കും നിയോഗിച്ചിട്ടുണ്ട്.

ഡോ. ജോസ് ടി. പുത്തൂരിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി സേവ് യൂനിവേഴ്‌സിറ്റി കമ്മിറ്റി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സസ്യശാസ്ത്ര വിഭാഗം പ്രഫസറും സര്‍വകലാശാല ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ഡയറക്ടറുമായ ഡോ. ജോസ് ടി. പുത്തൂരിനെതിരെ ഡേറ്റ തട്ടിപ്പ് ആരോപണം. ശാസ്ത്രജേണലായ പ്ലോസ് ഒണില്‍ പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്റെ ലേഖനം എഡിറ്റോറിയല്‍ ബോര്‍ഡ് പിന്‍വലിച്ചെന്നും ഡേറ്റ തട്ടിപ്പ് വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് സേവ് യൂനിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി, ചാന്‍സലറായ ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

സര്‍വകലാശാല അധ്യാപകരുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഉൾപ്പെടെ വിലയിരുത്താന്‍ നിയോഗിച്ച പ്രഫസര്‍തന്നെ ഡേറ്റ തട്ടിപ്പ് നടത്തിയതായും ഐ.ക്യു.എ.സി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നുമാവശ്യപ്പെട്ടാണ് പരാതി.

അക്കാദമിക് സത്യസന്ധത ജോസ് പുത്തൂരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നാണ് ശാസ്ത്രജേണലായ പ്ലോസ് ഒണിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് വിലയിരുത്തിയതെന്ന് പരാതിയില്‍ പറയുന്നു. ലേഖനത്തിന്റെ അവലോകനത്തില്‍ മറ്റു ഗുരുതരപ്രശ്‌നങ്ങളും എഡിറ്റോറിയല്‍ ബോര്‍ഡ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മറ്റു പ്രസിദ്ധീകരണങ്ങളില്‍ ഡേറ്റ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

2006 മുതല്‍ പബ്ലിക് ലൈബ്രറി ഓഫ് സയന്‍സ് പ്രസിദ്ധീകരിക്കുന്ന ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലുമുള്ള പിയര്‍-റിവ്യൂഡ് ജേണലാണ് പ്ലോസ് ഒണ്‍.

Tags:    
News Summary - CPM members excluded from staff of Calicut VC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.