‘മാലിന്യമുക്തം നവകേരളം’ പദ്ധതി ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബഹുജനങ്ങളെ അണിനിരത്തി ‘മാലിന്യമുക്തം നവകേരളം’ പദ്ധതി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം തീരുമാനിച്ചു. വാർഡിലെ നിർവഹണ സമിതികൾ ചേർന്നാവും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.

തദ്ദേശസ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർമാർ തദ്ദേശസ്ഥാപനങ്ങളുടെ യോഗം വിളിച്ച് നിർവഹണ സമിതികൾ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. മാലിന്യസംസ്ക്കരണവുമായി ബന്ധപ്പെട്ട് സ്വകാര്യ സംരംഭകരുടെ നൂതന സാങ്കേതിക വിദ്യകൾക്ക് അനുമതി ലഭ്യമാക്കാനുള്ള കാലതാമസം പരിഹരിക്കും. അതിനു വേണ്ടി ശുചിത്വമിഷൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കേരള സോളിഡ് വേസ്‌റ്റ് മാനേജ്‌മെന്റ് പ്രോജക്റ്റ് എന്നിവയുടെ തീരുമാനങ്ങൾ വേഗത്തിലാക്കും.

ദ്രവമാലിന്യ സംസ്കരണത്തിന് പബ്ലിക്-പ്രൈവറ്റ് പാർട്‌ണർഷിപ്പ് സുഗമമായി നടപ്പിലാക്കാനും പരിപാലിക്കാനും തദ്ദേശ സ്വയംഭരണ സ്ഥ‌ാപനങ്ങൾക്ക് അനുമതി നൽകും. മൂന്നാർ ഗ്രീൻകോറിഡോർ പോലെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട വ്യത്യസ്‌ത പദ്ധതികൾക്ക് സർക്കാർ അനുമതി ലഭ്യമാക്കാനുള്ള കാലതാമസം ഒഴിവാക്കും. ഇത്തരം അപേക്ഷകളില്‍ പരമാവധി രണ്ടാഴ്ച്ചയ്ക്കകം അനുമതി നൽകണമെന്നും യോഗം തീരുമാനിച്ചു. അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങള്‍, എന്നിവ നൂറു ശതമാനം ഹരിതമാക്കുന്നതിന്‍റെ പ്രഖ്യാപനം 2025 മാർച്ച് 30നകം നടക്കും.

2025 ജനുവരി 26 ന് ഓഫിസുകളെല്ലാം ഹരിത ഓഫിസുകളായി പ്രഖ്യാപിക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെയും നഗരങ്ങളെ സമ്പൂർണ ശുചിത്വ ടൗണായി പ്രഖ്യാപിക്കലും അതേ ദിവസം നടക്കും. യോഗത്തില്‍ മന്ത്രി എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, നവകേരള കര്‍മ്മ പദ്ധതി കോഓഡിനേറ്റര്‍ ടി.എന്‍. സീമ, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - The Chief Minister said that the project of garbage free new Kerala will be intensified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.