ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ പിടിച്ചെടുത്ത പ്രസിഡൻറ് പദവി രാജിവെക്കണമെന്ന് സി.പി.എം ആലപ്പുഴ ജില്ല കമ്മിറ്റിയുടെ നിർദേശം. സി.പി.എമ്മിന് അധികാരം കിട്ടിയ ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തിലെ പ്രസിഡൻറ് പദവിയാണ് രാജിവെക്കാൻ നിർദേശിച്ചത്. എന്നാൽ, ബി.െജ.പിയെ ഭരണത്തിെലത്തിക്കാൻ സഹായിക്കുന്ന നിലപാടാണിതെന്ന് ആക്ഷേപമുണ്ട്.
സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായ നിലപാട് പാർട്ടിക്കെതിരായ വികാരം ഉണ്ടാക്കുമെന്ന് വിലയിരുത്തി ഞായറാഴ്ച ചേർന്ന ജില്ല കമ്മിറ്റിയിലാണ് പുതിയ തീരുമാനം. പാർട്ടി നയത്തിന് വിരുദ്ധമായ പ്രാദേശിക കൂട്ടുകെട്ടുകൾ തിരുത്തണം.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇത് ബി.ജെ.പി പ്രചാരണ ആയുധമാക്കുമെന്ന് വിലയിരുത്തിയാണ് അധികാരമേറ്റെടുത്ത പ്രസിഡൻറിനോട് രാജി ആവശ്യപ്പെട്ടത്. പഞ്ചായത്തിലെ 18 അംഗ സമിതിയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലായിരുന്നു.
പ്രസിഡൻറ് പദവി പട്ടികജാതി വനിത സംവരണമായതിനാൽ യു.ഡി.എഫിന് യോഗ്യരായവർ ഉണ്ടായിരുന്നില്ല. എൽ.ഡി.എഫിനും ബി.ജെ.പിക്കും അംഗങ്ങളുണ്ടായിരുന്നു. ഈസാഹചര്യത്തിൽ ബി.ജെ.പി ഭരണം തടയുന്നതിന് യു.ഡി.എഫ് അംഗങ്ങൾ എൽ.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു.
തുടർന്നാണ് എൽ.ഡി.എഫ് അംഗം വിജയമ്മ ഫിലേന്ദ്രൻ 11 വോട്ടുനേടി പ്രസിഡൻറായത്. യു.ഡി.എഫ് -ആറ്, ബി.ജെ.പി -ആറ്, എൽ.ഡി.എഫ് -അഞ്ച്, കോൺഗ്രസ് വിമതൻ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. അധികാരത്തിലെത്തിയശേഷം പദവികൾ ഒഴിയുന്നത് ബി.ജെ.പിയെ അധികാരത്തിലെത്തിക്കാനുള്ള സി.പി.എം രഹസ്യനീക്കത്തിെൻറ ഭാഗമാണെന്നാണ് യു.ഡി.എഫിെൻറ വിമർശനം.
തിരുവൻവണ്ടൂർ പഞ്ചായത്തിൽ ബി.െജ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് പിന്തുണച്ചിട്ടും സി.പി.എം സമാനനീക്കമാണ് നടത്തിയത്. സത്യപ്രതിജ്ഞക്ക് മുമ്പ് സി.പി.എം അംഗങ്ങൾ പ്രസിഡൻറ്, വൈസ്പ്രസിഡൻറ് പദവികൾ രാജിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.