കൊച്ചി: പണ്ഡിറ്റ് കറുപ്പന്‍റെ പേരിലുള്ള പുരസ്കാരം സുരേഷ് ഗോപിക്ക് നൽകുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിൽനിന്ന് പ്രഫ. എം.കെ. സാനുവിനെ വിലക്കിയിട്ടില്ലെന്നും പരിപാടിയിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം പൂർണമായും അദ്ദേഹത്തിന്‍റേതാണെന്നും പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) ജില്ലാ നേതൃത്വം.
പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദി ഹിന്ദു സാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം തിങ്കളാഴ്ച കൊച്ചിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ സി. രാധാകൃഷ്ണനാണ് സുരേഷ് ഗോപിക്ക് കൈമാറിയത്. എം.കെ. സാനു വിസമ്മതിച്ചതിനാൽ സി. രാധാകൃഷ്ണനെ അവാർഡ്ദാനത്തിന് ക്ഷണിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പു.ക.സ ജില്ലാ നേതൃത്വം വിലക്കിയതുകൊണ്ടാണ് അദ്ദേഹം പങ്കെടുക്കാതിരുന്നതെന്ന വിവരം പുറത്തുവന്നത്.
എന്നാൽ, പു.ക.സ മുൻ സംസ്ഥാന പ്രസിഡന്‍റ് കൂടിയായ സാനുവിനെപ്പോലെ പൊതുസമൂഹം ആദരിക്കുന്ന ഒരാൾ ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും വിലക്കിയിട്ടില്ലെന്നും ജില്ലാ സെക്രട്ടറി ജോഷി ഡോൺ ബോസ്കോ വ്യക്തമാക്കി. പണ്ഡിറ്റ് കറുപ്പന്‍റെ ആശയങ്ങൾ മുഴുവൻ ജാതിവിരുദ്ധമാണ്. അങ്ങനെയുള്ളൊരാളുടെ പേരിൽ അവാർഡ് നൽകുമ്പോൾ അത് അദ്ദേഹത്തിന്‍റെ ആശയത്തോട് ചേർന്ന് നിൽക്കുന്നയാൾക്കാകണം. സുരേഷ്ഗോപി പരസ്യമായി ജാതീയതയുടെ ആരാധകനാണ്. അങ്ങനെയൊരാൾക്ക് അവാർഡ് നൽകുന്നത് പണ്ഡിറ്റ് കറുപ്പനെ അപമാനിക്കുന്നതിന് തുല്യമാണ്. ഇക്കാര്യം സൗഹൃദസംഭാഷണത്തിൽ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും ഉചിതമായ തീരുമാനമെടുക്കുമെന്ന നിലപാടാണ് സാനു അറിയിച്ചതെന്നും ജോഷി പറഞ്ഞു.
അടുത്ത ജന്മത്തില്‍ താഴമണ്‍ കുടുംബത്തില്‍ ജനിച്ച് ശബരിമലയില്‍ തന്ത്രിമുഖ്യനായെത്തി അയ്യനെ അടുത്തു ചെന്ന് കെട്ടിപ്പിടിച്ച് തഴുകണമെന്നാണ് ആഗ്രഹം എന്നും അതിനെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും അവാർഡ് സ്വീകരിച്ച് സുരേഷ് ഗോപി പറഞ്ഞിരുന്നു. വി.എച്ച്.പി സംസ്ഥാന പ്രസിഡന്‍റ് വിജി തമ്പി അടക്കമുള്ളവരാണ് ചടങ്ങിൽ പങ്കെടുത്തത്. മുമ്പ് അമൃതാനന്ദമയിക്കും സുഗതകുമാരിക്കുമാണ് ഈ അവാർഡ് നൽകിയത്. എന്നാൽ, പണ്ഡിറ്റ് കറുപ്പനെ അവഹേളിക്കുന്ന നിലപാടാണ് പു.ക.സയുടേത് എന്ന് വിചാരവേദി സെക്രട്ടറി സി.ജി. രാജഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.