ഇസ്‍ലാമിക ശരീഅത്തിലും വ്യക്തി നിയമങ്ങളിലും സി.പി.എം നിലപാട് വ്യക്തമാക്കണം, ധൃതരാഷ്ട്രാലിംഗനവുമായി ആരും വരരുത് -സത്താർ പന്തലൂർ

ഇസ്‍ലാമിക ശരീഅത്തും വ്യക്തി നിയമങ്ങളുമായി ബന്ധപ്പെട്ട സി.പി.എം നിലപാടുകളിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ വ്യക്തമാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തലൂ​ർ. ഏക സിവിൽ കോഡിനെതിരായ സി.പി.എം യോഗ തീരുമാനങ്ങളെയും എം.വി. ഗോവിന്ദന്റെ പ്രസ്താവനയെയും പോസിറ്റീവായി കാണാനാണ് ഇഷ്ടപ്പെടുന്നതതെന്നും അതേസമയം, ഇസ്‍ലാമിക ശരീഅത്തും വ്യക്തി നിയമങ്ങളുമായി ബന്ധപ്പെട്ട സി.പി.എമ്മിന്റെ നിലപാടുകളിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അതുകൂടി പറഞ്ഞ് കൊണ്ടാവണം ഈ ചേർത്തു പിടിക്കലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇസ്‍ലാമിക ശരീഅത്തിനെ പരിഹസിച്ച് സിനിമ നടൻ ഷുക്കൂർ വക്കീൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരം പുനർ വിവാഹിതനായപ്പോൾ അതിന് കാർമികത്വം വഹിച്ചവരെയും പ്രോത്സാഹിപ്പിച്ചവരെയും നമുക്കറിയാം. ആറാം നൂറ്റാണ്ടിലെ പ്രാകൃതർ എന്ന മട്ടിലുള്ള ഇടക്കിടെയുള്ള ആക്ഷേപങ്ങൾക്കും ആധാരം ശരീഅത്താണെന്ന് കാണാവുന്നതാണ്. ഇസ്‍ലാമിക ശരീഅത്തിനോടും വ്യക്തി നിയമങ്ങളോടും കടുത്ത വിയോജിപ്പ് നിലനിർത്തികൊണ്ടുതന്നെ ഏക സിവിൽ കോഡ് വിരുദ്ധ സമരത്തിലേക്ക് മുസ്‍ലിംകളെ ക്ഷണിക്കുന്നത് സദുദ്ദേശപരമാണോ?. ഇന്ത്യൻ മുസ്‍ലിമിനെ സംബന്ധിച്ചിടത്തോളം ഇത് അവന്റെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ധൃതരാഷ്ട്രാലിംഗനവുമായി ദയവു ചെയ്ത് ആരും കടന്നുവരരുതെന്നും അദ്ദേഹം കുറിച്ചു.

ഏക സിവിൽകോഡിനെതിരെ ഇരുമുന്നണികളും മുഖ്യധാര രാഷ്ട്രീയ നേതാക്കളും ഒരേ സ്വരത്തിൽ രംഗത്തുവന്നത് ആശ്വാസകരവും സ്വാഗതാർഹവുമാണ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വജ്രായുധം എന്ന നിലയിലാണ് ഏക സിവിൽകോഡിനെ ബി.ജെ.പി അവതരിപ്പിക്കുന്നത്. ഹിന്ദു-മുസ്‍ലിം ധ്രുവീകരണമാണ് അവരുടെ ലക്ഷ്യം. രാജ്യം നേരിടുന്ന ജീവൽ പ്രശ്നങ്ങൾ മറച്ചുവെച്ച് വർഗീയതയുടെ തീ ആളിക്കത്തിച്ച് വീണ്ടും ഭരണം പിടിക്കാൻ അവർ ലക്ഷ്യമിടുന്നു. ഏക സിവിൽകോഡ് ഒരു മുസ്‍ലിം സാമുദായിക പ്രശ്നമായി മാറണം എന്നത് ബി.ജെ.പിയുടെ അജണ്ടയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Full View

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഏക സിവിൽകോഡിനെതിരെ ഇരുമുന്നണികളും മുഖ്യധാര രാഷ്ട്രീയ നേതാക്കളും ഒരേ സ്വരത്തിൽ രംഗത്തുവന്നത് ആശ്വാസകരവും സ്വാഗതാർഹവുമാണ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വജ്രായുധം എന്ന നിലയിലാണ് ഏക സിവിൽകോഡിനെ ബി.ജെ.പി അവതരിപ്പിക്കുന്നത്. ഹിന്ദു-മുസ്‍ലിം ധ്രുവീകരണമാണ് അവരുടെ ലക്ഷ്യം. രാജ്യം നേരിടുന്ന ജീവൽ പ്രശ്നങ്ങൾ മറച്ചുവെച്ച് വർഗീയതയുടെ തീ ആളിക്കത്തിച്ച് വീണ്ടും ഭരണം പിടിക്കാൻ അവർ ലക്ഷ്യമിടുന്നു.

ഏക സിവിൽകോഡ് ഒരു മുസ് ലിം സാമുദായിക പ്രശ്നമായി മാറണം എന്നത് ബി.ജെ.പിയുടെ അജണ്ടയാണ്. എന്നാൽ, ഇന്ത്യയിലെ കോടിക്കണക്കായ ഗോത്രവർഗ-ആദിവാസി വിഭാഗങ്ങളുടെ തദ്ദേശീയ സാംസ്കാരിക വിനിമയങ്ങളെയും സെമിറ്റിക് മതങ്ങളുടെ ആചാരങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതും ഭരണഘടന ഉറപ്പു തരുന്ന അവകാശങ്ങളുടെ ലംഘനവുമാണ് ഏക സിവിൽകോഡിനുള്ള നീക്കം. പ്രകോപനങ്ങളെ തള്ളിക്കളഞ്ഞ് ഇവ്വിധത്തിൽ മുസ്‍ലിം സമുദായം രാഷ്ട്രീയ പക്വത കാട്ടേണ്ട സമയമാണ് സമാഗതമായിട്ടുള്ളത്.

ഏക സിവിൽ കോഡിനെതിരായ സി.പി.എം യോഗ തീരുമാനങ്ങളെയും ശ്രീ. എം.വി. ഗോവിന്ദന്റെ പ്രസ്താവനയെയും പോസിറ്റീവായി തന്നെ കാണാനാണ് ഇഷ്ടപ്പെടുന്നത്. അതേസമയം, ഏക സിവിൽകോഡിനെ സംശയത്തോടെ കാണാൻ മുസ്‍ലിം വിഭാഗത്തെ പ്രേരിപ്പിക്കുന്ന ചില പ്രധാനഘടകങ്ങളുണ്ട്. അത് ഇസ്‍ലാമിക ശരീഅത്തും വ്യക്തി നിയമങ്ങളും ഹനിക്കപ്പെടുന്നതുമായി ബന്ധപ്പെട്ടതാണ്. വിവാഹം, വിവാഹ മോചനം, അനന്തര സ്വത്തവകാശ നിയമം, ആൺ-പെൺ സ്വത്തനുപാതങ്ങൾ തുടങ്ങിയവ അതിൽ പ്രധാനങ്ങളാണ്. ഇവയിലൊക്കെ സി.പി.എമ്മിന്റെ നിലവിലെ നിലപാടുകൾ അറിയാൻ താൽപര്യമുണ്ട്. നിലപാടുകളിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അതുകൂടി പറഞ്ഞ് കൊണ്ടാവണം ഈ ചേർത്ത് പിടിക്കൽ.

ഇസ്‍ലാമിക ശരീഅത്തിനെ പരിഹസിച്ച് സിനിമ നടൻ ഷുക്കൂർ വക്കീൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരം പുനർ വിവാഹിതനായത് ഏതാനും ആഴ്ചകൾക്ക് മുമ്പാണ്. അതിന് കാർമികത്വം വഹിച്ചവരെയും പ്രോത്സാഹിപ്പിച്ചവരെയും നമുക്കറിയാമല്ലൊ. ആറാം നൂറ്റാണ്ടിലെ പ്രാകൃതർ എന്ന മട്ടിലുള്ള ഇടക്കിടെയുള്ള ആക്ഷേപങ്ങൾക്കും ആധാരം ശരീഅത്താണെന്ന് കാണാവുന്നതാണ്.

ഇസ്‍ലാമിക ശരീഅത്തിനോടും വ്യക്തി നിയമങ്ങളോടും കടുത്ത വിയോജിപ്പ് നിലനിർത്തികൊണ്ടു തന്നെ ഏക സിവിൽ കോഡ് വിരുദ്ധ സമരത്തിലേക്ക് മുസ്‍ലിംകളെ ക്ഷണിക്കുന്നത് സദുദ്ദേശപരമാണോ?. ഇന്ത്യൻ മുസ്‍ലിമിനെ സംബന്ധിച്ചിടത്തോളം ഓരോ അണുവിലും അസ്തിത്വം ചോദ്യം ചെയ്യപ്പെടുകയാണ്. ഇത് അവന്റെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ധൃതരാഷ്ട്രാലിംഗനവുമായി ദയവു ചെയ്ത് ആരും കടന്നുവരരുത്.

Tags:    
News Summary - CPM should clarify its stand regarding Islamic Sharia and personal laws -Sathar Panthaloor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.