തിരുവനന്തപുരം: അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവം 2025 ജനുവരി നാല് മുതതൽ എട്ട് വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളിൽ വച്ച് നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇപ്പോൾ കലോത്സവ വേദികളിൽ ഉണ്ടാകുന്ന അനാരോഗ്യ പ്രവണതകൾ ചൂണ്ടിക്കാട്ടാനാണ് ആഗ്രഹിക്കുന്നത്.
മത്സരങ്ങളിലെ ജഡ്ജുമെന്റുമായി ബന്ധപ്പെട്ട് അനാവശ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും അധികൃതരെ തടഞ്ഞു വെക്കുകയും ചെയ്യുന്ന പ്രവണത ചിലയിടങ്ങളിൽ കണ്ടു. ഇത് കലോത്സവത്തിന്റെ ആരോഗ്യകരമായ അന്തരീക്ഷത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. കലോത്സവത്തിന്റെ വിധി നിർണയവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് സ്‌കൂൾതലം മുതൽതന്നെ അപ്പീൽ നൽകുന്നതിന് അവസരം നൽകിയിട്ടുണ്ട്.
ഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം ആയിരം രൂപ സഹിതം കുട്ടികളുടെ പരാതികൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്കോ സ്‌കൂൾ പ്രിൻസിപ്പാളിനോ, ഹെഡ്മാസ്റ്റർക്കോ നൽകാവുന്നതാണ്. അപ്പീൽ തീർപ്പ് അനുകൂലമായാൽ അപ്പീൽ ഫീസ് മുഴുവൻ തിരിച്ചു നൽകുന്നതാണ്. ഉപജില്ലാതല മത്സരത്തിലെ വിധി നിർണയത്തിലെ പരാതികൾ ഉണ്ടെങ്കിൽ തീർപ്പു കൽപ്പിക്കുന്നതിനായി ജില്ലാ വിദ്യാഭ്യാസ ആഫീസർ അധ്യക്ഷനായി വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ, എച്ച്.എസ്.ഇ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരോ അവർ ഓരോരുത്തരും ചുമതലപ്പെടുത്തുന്ന പ്രതിനിധിയോ ഉൾപ്പെട്ട വിദഗ്ദ്ധരുമടങ്ങുന്ന അഞ്ച് പേരുടെ സമിതി ഉണ്ടായിരിക്കും.
ഉപജില്ലാതല മത്സരഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം രണ്ടായിരം രൂപ ഫീസ് സഹിതം പരാതികൾ നിശ്ചിത മാതൃകയിൽ തയാറാക്കി ബന്ധപ്പെട്ട ജനറൽ കൺവീനർക്ക് മത്സരാർഖിക്കോ ടീം മാനേജർക്കോ നൽകാം. റവന്യൂ ജില്ലാ കലോത്സവ മത്സരങ്ങളുടെ വിധിനിർണയത്തിനെതിരെ പരാതികൾ ഉണ്ടെങ്കിൽ അവ തീർപ്പുകൽപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടർ അല്ലെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, മറ്റ് ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്ടർ ചെയർമാനും അതതു മേഖലയിലെ ഹയർ സെക്കണ്ടറി ആർ.ഡി.ഡി., വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ ഉൾപ്പെടെയുള്ളവരെ അംഗങ്ങളായിച്ചേർത്ത് അപ്പീൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
അപ്പീൽ കമ്മിറ്റിയിൽ ചെയർമാനുൾപ്പെടെ ഒമ്പത് അംഗങ്ങളാണ് ഉള്ളത്, അപ്പീൽ തീർപ്പിൽ എതിർ അഭിപ്രായം ഉണ്ടാകുന്ന സാഹചര്യത്തിൽ മത്സരാർത്ഥികൾ കോടതിയെയും സമീപിക്കുന്നുണ്ട്. ഇത്രയും സൗകര്യങ്ങൾ ഉണ്ടായിരിക്കെ പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ അന്തസ്സിന് തന്നെ നിരക്കാത്തതാണ്. തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു സംഭവം നടന്നു.
ഇത്തരം പ്രതിഷേധ പ്രകടനങ്ങളിൽ നിന്നും വിദ്യാർഥികളെയും മാറ്റി നിർത്താൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.ചില സാഹചര്യങ്ങളിൽ അധ്യാപകർ തന്നെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന കാഴ്ചയും ഉണ്ട്.അതുകൊണ്ടാണ് ഇന്ന് ഇത്രയും പറയുന്നത്. കലോത്സവ മാനുവൽ അനുസരിച്ച് പെരുമാറാൻ വിദ്യാർത്ഥികളും അധ്യാപകരും തയാറാകണം. മറ്റു കൂടുതൽ നടപടികളിലേക്ക് വിദ്യാഭ്യാസ വകുപ്പിനെ കൊണ്ടെത്തിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.