അജിത് കുമാറിന്റെ സ്ഥാനക്കയറ്റം: മോദിക്ക് സ്ഥാനക്കയറ്റം നൽകുന്നത് പോലെയെന്ന് കെ. മുരളീധരൻ; ചട്ടങ്ങൾ പാലിച്ചെന്ന് വ്യവസായ മന്ത്രി

തിരുവനന്തപുരം: എം.ആർ. അജിത് കുമാറിന്റെ സ്ഥാനക്കയറ്റ ശിപാർശ തിടുക്കപ്പെട്ട് എടുത്ത തീരുമാനമല്ലെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കൃത്യമായ മാനദണ്ഡങ്ങൾ പരിശോധിച്ച് വിലയിരുത്തിയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകുന്നതിന് സാ​ങ്കേതികമായും നിയമപരമായും തടസ്സമില്ലെന്ന് എ.കെ. ബാലൻ പ്രതികരിച്ചു. അതേസമയം, സ്ഥാനക്കയറ്റം നൽകുന്നതിനെ എതിർത്ത് കെ. മുരളീധരൻ രംഗത്തുവന്നു. കേന്ദ്രത്തെയും ആർ.എസ്.എസിനെയും തൃപ്തിപ്പെടുത്താനുള്ള ഗൂഢനീക്കമാണിതെന്നാണ് കെ. മുരളീധരൻ പ്രതികരിച്ചത്. അജിത് കുമാറിന് പ്രമോഷൻ നൽകുന്നത് മോദിക്ക് പ്രമോഷൻ നൽകുന്നത് പോലെയാണെന്നും കെ. മുരളീധരൻ ആരോപിച്ചു.

ഗുരുതരമായ ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന എം.ആർ. അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാനുള്ള ശിപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിങ് കമ്മിറ്റിയാണ് അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റത്തിന് ശിപാർശ നൽകിയത്.

അന്വേഷണം ​നേരിടുന്നത് സ്ഥാനക്കയറ്റത്തിന് തടസ്സമല്ലെന്നായിരുന്നു ശിപാർശയിൽ സൂചിപ്പിച്ചത്. 2025 ജൂലൈ ഒന്നിന് ഒഴിവുവരുന്ന മുറക്ക് അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കും. ഇപ്പോൾ നടക്കുന്ന അന്വേഷണ റിപ്പോർട്ട് എതിരാവുകയാണെങ്കിൽ സ്ഥാനക്കയറ്റിന് തടസ്സമാവും. എന്നാൽ നിലവിലെ അന്വേഷണത്തിൽ അജിത് കുമാറിന് ഒരു മെമ്മോ പോലും നൽകാത്ത സാഹചര്യത്തിൽ സ്ഥാനക്കയറ്റം നൽകുന്നതിൽ തടസ്സമില്ലെന്നായിരുന്നു സുപ്രീംകോടതി വിധികളടക്കംചൂണ്ടിക്കാട്ടി സ്ക്രീനിങ് കമ്മിറ്റിയുടെ ശിപാർശ.

ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ എന്നീ വിവാദങ്ങളുമായി ബന്ധപ്പെട്ട് അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയിരുന്നു. ഇന്റലിജൻസ് എ.ഡി.ജി.പി മനോജ് ഏബ്രഹാമിന് ക്രമസമാധാനച്ചുമതല നൽകിയിരുന്നത്. അജിത് കുമാറിനെ ബറ്റാലിയൻ‌ എ.ഡി.ജി.പിയായി നിലനിർത്തുകയും ചെയ്തു.

​​​​​​​​​​​​​​​​​​​​​​

Tags:    
News Summary - K Muraleedharan opposes the promotion of MR Ajithkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.