കൊലവിളി പ്രസംഗം; സി.പി.എം തിക്കോടി ലോക്കൽ കമ്മിറ്റി സെക്രട്ടറി അറസ്റ്റിൽ

പയ്യോളി: കൊലവിളി പ്രസംഗം നടത്തിയ സി.പി.എം തിക്കോടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജു കളത്തിലിനെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലീം ലീഗ് തിക്കോടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.പി. കുഞ്ഞമ്മദ് നൽകിയ പരാതിയിലാണ്  പൊലീസ് നടപടി.

സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്ന തരത്തിൽ പ്രസംഗിക്കുകയും മുസ്ലീം ലീഗ് പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി. ഡിസംബർ 22ന് വൈകീട്ട് അഞ്ചരയോടെ പുതിയവളപ്പിൽ നടന്ന സി.പി.എം പ്രതിഷേധ യോഗത്തിലാണ് ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയത്. സി.പി.എമ്മിന്റെ 24ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി തിക്കോടി കുറ്റിവയലിൽ സ്ഥാപിച്ച 24 പതാകകൾ നശിപ്പിച്ച സംഭവത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. 

'പ്രസ്ഥാനത്തിന് നേരെ വന്നാൽ ആരെയും വെറുതെ വിടില്ലെന്നും അരിയിൽ ഷുക്കൂർ ഈ ഭൂമുഖത്ത് ഇല്ല എന്നുള്ളത് മറക്കരുത് ' എന്നുമായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. തിക്കോടി പതിമൂന്നാം വാർഡിലെ പുതിയവളപ്പിലെ മുസ്ലീം ലീഗ് ഓഫിസ് പരിസരത്തായിരുന്നു പ്രതിഷേധ യോഗം. മൈക്ക് ഉപയോഗിക്കാതിരുന്നിട്ടും പ്രസംഗത്തിന്റെ വ്യക്തമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. പ്രതിഷേധ ജാഥയെ തുടർന്നുള്ള കവലയോഗത്തിൽ വെച്ചായിരുന്നു ബിജുവിന്റെ കൊലവിളി പ്രസംഗം.

അറസ്റ്റ് ചെയ്ത ബിജുവിനെ പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം സി.പി.എമ്മിന്‍റെപതാക നശിപ്പിച്ച സംഭവത്തിൽ പ്രദേശവാസികളായ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുക്കുകയും ഒരാളെ പിടികൂടുകയും ചെയ്തിരുന്നു. ഇവർ സജീവ മുസ്ലീം ലീഗ് പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചിരുന്നു.

Tags:    
News Summary - CPM Thikkodi Local Committee Secretary arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.