തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദം കത്തിനിൽക്കെ എസ്.എഫ്.ഐയിൽ തിരുത്തലിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശം. ജൂലൈയിൽ എസ്.എഫ്.ഐയുടെ പഠന ക്ലാസ് സംഘടിപ്പിക്കും. കായംകുളം കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ നിഖിൽ തോമസ് ഗുരുതര തെറ്റാണ് ചെയ്തതെന്ന് വിലയിരുത്തി. നിഖിലിനെതിരെ നടപടിയെടുക്കാൻ പ്രാദേശിക ഘടകത്തോട് ആവശ്യപ്പെടും. ആലപ്പുഴയിലെ സി.പി.എം നേതാവ് കെ.എച്ച്. ബാബുജാനെയും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെയും എ.കെ.ജി സെന്ററിൽ വിളിച്ചുവരുത്തി വിശദീകരണം തേടി.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ട് ഇരുവരും കാര്യങ്ങൾ വിശദീകരിച്ചു. ആർഷോ നേരത്തേ എസ്.എഫ്.ഐ ചുമതലയുള്ള എ.കെ. ബാലനെയും കണ്ടിരുന്നു. ലക്ഷക്കണക്കിന് വിദ്യാർഥികൾ അംഗങ്ങളായ എസ്.എഫ്.ഐയിൽ ചില പുഴുക്കുത്തുകൾ വരാമെന്ന വിലയിരുത്തലാണ് പാർട്ടിക്ക്. പാർട്ടി ചുറ്റുപാടിൽ നിന്നല്ലാത്ത കുട്ടികളും എസ്.എഫ്.ഐയിലേക്ക് വരുന്നുണ്ട്. ചില മൂല്യച്യുതികൾ വരാം. മാധ്യമങ്ങൾ ഉയർത്തിയ വിഷയങ്ങൾ തിരുത്താനുള്ള അവസരമായി ഉപയോഗപ്പെടുത്തണം.
അതേസമയം മാധ്യമങ്ങൾ പ്രതിപക്ഷവുമായി ചേർന്ന് നടത്തുന്ന നീക്കങ്ങൾ തുറന്നുകാട്ടാനാണ് സി.പി.എം ധാരണ. പ്രിയ വർഗീസിന്റെ കേസിൽ കോടതിവിധിയിൽ മാധ്യമങ്ങൾക്കെതിരെ കടുത്ത പരാമർശങ്ങളുണ്ട്. സംസ്ഥാന സർക്കാറിന്റെ പ്രവർത്തങ്ങൾ ജനങ്ങളിലെത്തിക്കാൻ സി.പി.എം പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. മാധ്യമങ്ങളുടെ വിവേചനമടക്കം വിഷയങ്ങളും ഇതിനൊപ്പം ജനങ്ങളിലെത്തിക്കും.
വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയവും ചർച്ചയായി. ബാബുജാനുമായി ബന്ധപ്പെട്ട വിഷയത്തിൽ തുല്യത സർട്ടിഫിക്കറ്റ് പരിശോധനക്കുശേഷമാണ് നൽകിയത്. വ്യാജമാണോ എന്ന് ആ ഘട്ടത്തിൽ അറിയാൽ കഴിയില്ല. അതുകൊണ്ടുതന്നെ താൽക്കാലം നടപടിയില്ല. അതേസമയം ആർഷോയുടെ ആദ്യ വിശദീകരണത്തിൽ തെറ്റില്ലെന്ന് എ.കെ. ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. എസ്.എഫ്.ഐക്കെതിരായ ആക്ഷേപങ്ങൾ സമാനതകളില്ലാത്തതാണ്. വിവാദങ്ങൾ അജണ്ടയുടെ ഭാഗമാണ്. ഇതിലൂടെ മുഖ്യമന്ത്രിയെയും പാർട്ടിയെയുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.