തിരുവനന്തപുരം: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയും സാംസ്കാരിക മേഖലയിലും ശക്തമായ ഇടപെടൽ നടത്താൻ സി.പി.എം. കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങൾ ഇക്കാര്യം വിശദമായി ചർച്ച ചെയ്തു. അന്ധവിശ്വാസങ്ങൾക്കടിപ്പെട്ട് അറുകൊല വരെ നടത്തുന്നതിൽ സി.പി.എമ്മിന് കടുത്ത ആശങ്കയാണുള്ളത്. ഇതിന് തടയിടാൻ നിയമനിർമാണമുൾപ്പെടെ കൊണ്ടുവരാൻ സർക്കാറിന് സി.പി.എം അനുമതി നൽകി. പാർട്ടിയുടെ നേതൃത്വത്തിൽ ദുരാചാരങ്ങൾക്കെതിരെ പ്രചാരണവും നടത്തും.
അന്ധവിശ്വാസത്തിനെതിരായ ഫലപ്രദമായ നിയമത്തിന് സാധ്യതയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചു. വിശ്വാസവും അന്ധവിശ്വാസവും കൃത്യമായി തിരിച്ചറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സാംസ്കാരിക രംഗത്തെ അരാഷ്ട്രീയവത്കരണവും വർഗീയ ധ്രുവീകരണവും ചെറുത്തുതോൽപിക്കുകയെന്ന ലക്ഷ്യത്തോടെ സാംസ്കാരിക രേഖക്കും സംസ്ഥാന സമിതി അംഗീകാരം നൽകി. സാംസ്കാരിക രംഗത്ത് പാർട്ടിയുടെ ഇടപെടൽ കുറയുന്നെന്ന് എറണാകുളം സമ്മേളനത്തിൽ വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നയരേഖക്ക് രൂപം നൽകാൻ തീരുമാനിച്ചത്.
ചരിത്രത്തെയും സംസ്കാരത്തെയും തെറ്റായി വ്യാഖ്യാനിക്കുന്ന സംഘ്പരിവാർ ശ്രമം തടയാൻ സാംസ്കാരിക രംഗത്തെ ഇടപെടൽ കൂടുതൽ ശക്തമാക്കാനുള്ള പ്രവർത്തനങ്ങളാണ് രേഖയിലുള്ളത്.
ലൈബ്രറികൾ ഉൾപ്പെടെ പൊതുഇടങ്ങൾ മതനിരപേക്ഷതയുടെ അടിസ്ഥാനത്തിൽ സംരക്ഷിക്കാനുള്ള ശ്രമങ്ങളും പ്രചാരണങ്ങളും നടത്തും. 'ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ' എന്ന കേന്ദ്രസർക്കാറിന്റെ മതധ്രുവീകരണ ശ്രമം തുറന്നുകാട്ടാനുള്ള പ്രവർത്തനങ്ങളുമുണ്ടാകും. സംസ്ഥാനത്തിന്റെ അധികാരങ്ങൾ കവരുകയും സഹായം നിഷേധിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ യോഗത്തിൽ നിശിത വിമർശനമുയർന്നു. ദേശാഭിമാനിയെ കേരളത്തിലെ ഒന്നാമത്തെ പത്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള രേഖക്കും സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി. ഇ.പി. ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ പി.ബി അംഗം എ. വിജയരാഘവൻ കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. പി.ബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ. ബേബി, മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻപിള്ള ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.