തലശ്ശേരി: കോടിയേരി പുന്നോൽ താഴെവയലിലെ സി.പി.എം പ്രവർത്തകനായ കെ. ഹരിദാസനെ (52) വെട്ടിക്കൊന്ന കേസിലെ പ്രതികളുടെ ജാമ്യഹരജി പരിഗണിക്കുന്നതിൽനിന്ന് അഡീഷനൽ ജില്ല സെഷൻസ് (രണ്ട്) ജഡ്‌ജി എ.വി. മൃദുലയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി ചീഫ് ജസ്‌റ്റിസിന് പരാതി. കൊല്ലപ്പെട്ട ഹരിദാസന്റെ ഭാര്യ എ.കെ. മിനിയാണ് പരാതി സമർപ്പിച്ചത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചും ആറും പ്രതികളായ പുന്നോൽ കരോത്ത്‌താഴെ പി.കെ. ദിനേശ് എന്ന പൊച്ചറ ദിനേശ് (49), കൊമ്മൽവയലിലെ കടുമ്പേരി പ്രഷിജ് എന്ന പ്രജൂട്ടി (43) എന്നിവർക്ക് അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്‌ജി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് പരാതി.
അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ (രണ്ട്) താൽക്കാലിക ചുമതലയിൽ വന്ന ജഡ്‌ജിയാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേർക്കും ജാമ്യം അനുവദിച്ചത്. മറ്റു പ്രതികൾക്കും ഇതേനിലയിൽ ജാമ്യം നൽകുമെന്ന ആശങ്കയുണ്ട്. പ്രതികൾ പുറത്തിറങ്ങിയാൽ അപായപ്പെടുത്തുമെന്നും ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിചാരണ നടത്തി നീതി ഉറപ്പാക്കണമെന്നും അഭ്യർഥിച്ചു.
അമ്മയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഭർത്താവ് ഹരിദാസൻ. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് കടുത്ത മാനസിക ആഘാതത്തിലാണ് കുടുംബം. കേസിൽ സാക്ഷികളായതിനാൽ പ്രതികളുടെ സഹായികൾ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. പ്രതികൾ പുറത്തിറങ്ങിയാൽ ഞങ്ങളെയും വകവരുത്തുമെന്നാണവർ പറയുന്നത്. പ്രതികൾക്ക് ജാമ്യം ലഭിച്ചതോടെ ഭയപ്പാടിലാണ് കുടുംബം കഴിയുന്നത്. ഭർത്താവിന്റെ ഘാതകർക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്താനും കുടുംബത്തിന് സംരക്ഷണവും നീതിയും ലഭ്യമാക്കാനും ഇടപെടണമെന്നും പരാതിയിൽ അഭ്യർഥിച്ചു.
മത്സ്യത്തൊഴിലാളിയായ ഹരിദാസനെ ഫെബ്രുവരി 21ന് പുലർച്ചെ ഒന്നരയോടെ വീട്ടുമുറ്റത്തുവെച്ചാണ് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ സംഘംചേർന്ന് വെട്ടിക്കൊന്നത്. ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റും നഗരസഭാംഗവുമായ കെ. ലിജേഷ്, സെക്രട്ടറി പ്രതീഷ് എന്ന മൾട്ടി പ്രജി എന്നിവരടക്കം 17 പേരാണ് കേസിലെ പ്രതികൾ. മൂന്നും നാലും പ്രതികളായ ചാലക്കര മീത്തലെ കേളോത്ത് വീട്ടിൽ ദീപക് എന്ന ഡ്രാഗൺ ദീപു (30), ന്യൂമാഹി ഈയ്യത്തുങ്കാട് പുത്തൻപുരയിൽ പുണർതത്തിൽ നിഖിൽ എൻ. നമ്പ്യാർ (27) എന്നിവർ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.