കോഴിക്കോട്: സി.പി.എം സ്ഥാനാർഥി നിർണയത്തിൽ കുറ്റ്യാടി മണ്ഡലത്തിലും പ്രവർത്തകരുടെ അതൃപ്തി പരസ്യ പ്രതിഷേധത്തിൽ. സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ വൈകീട്ട് 6.30ഓടെ കുറ്റ്യാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. 500ഓളം പേർ പ്രകടനത്തിൽ പങ്കെടുത്തു. നേരത്തെ മലപ്പുറം പൊന്നാനിയിലും പാർട്ടി തീരുമാനത്തിനെതിരെ പ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചിരുന്നു.
കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസ് എമ്മിന് നൽകുമെന്ന വാർത്തകൾ വന്നതിന് പിന്നാലെ ഇവിടെ സി.പി.എം പ്രവർത്തകർ പ്രതിഷേധമുയർത്തിയിരുന്നു. മണ്ഡലത്തിൽ ജനകീയനായ സി.പി.എം നേതാവ് കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പലയിടത്തും ഞായറാഴ്ച രാത്രി പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. പാർട്ടി തീരുമാനത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചുകൊണ്ട് പോസ്റ്ററുകൾ മണ്ഡലത്തിൽ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടു. സമൂഹ മാധ്യമങ്ങളിലും വ്യാപക പ്രതിഷേധമാണ്.
മണ്ഡലം കേരള കോൺഗ്രസ് - എമ്മിനാണെന്ന വാർത്ത വന്ന വെള്ളിയാഴ്ച രാത്രി തന്നെ വേളത്ത് സി.പി.എമ്മിന്റെ ഒരു പ്രമുഖ നേതാവിനെ അണികൾ വളഞ്ഞിട്ട് പ്രതിഷേധിച്ചിരുന്നു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ കുഞ്ഞമ്മദ്കുട്ടി മാസ്റ്റർക്ക് ഇത്തവണ ഉറപ്പായും സീറ്റ് കിട്ടുമെന്ന വിശ്വാസത്തിലായിരുന്നു ഭൂരിപക്ഷവും.
കഴിഞ്ഞ ദിവസം അദ്ദേഹം നയിച്ച മണ്ഡലംതല വികസന ജാഥ അവരുടെ വിശ്വാസത്തിന് ബലമേകിയിരുന്നു. എന്നാൽ, കുറ്റ്യാടി കേരള കോൺഗ്രസിന് കൊടുക്കുമെന്ന വാർത്ത വന്നതോടെ പ്രതിഷേധിച്ച് മണ്ഡലത്തിലെ പഞ്ചായത്തുകളിലും അമർഷം പുകയുകയാണ്.
സി.പി.എമ്മിെൻറ ശക്തികേന്ദ്രമായ വടകര താലൂക്കിലെ മൂന്ന് മണ്ഡലത്തിലും സി.പി.എമ്മിന് സീറ്റില്ല. നാദാപുരത്ത് സി.പി.െഎക്കും വടകരയിൽ എൽ.ജെ.ഡിക്കുമാണ് സീറ്റ് നൽകുന്നത്. കഴിഞ്ഞ തവണ കുറ്റ്യാടിയിൽ കെ.കെ. ലതിക തോറ്റതിനാൽ വടകര താലൂക്കിൽ എവിടെയും സി.പി.എമ്മിന് എം.എൽ.എ ഉണ്ടായിരുന്നില്ല.
കഴിഞ്ഞ തവണ കുറ്റ്യാടിയിൽ കുഞ്ഞമ്മദ്കുട്ടിമാസ്റ്റർക്ക് സീറ്റ് കൊടുക്കുമെന്ന് അണികളിൽ ചിലർ ഉറപ്പിച്ചിരുന്നു. അവസാനം കെ.കെ. ലതികക്കാണ് നൽകിയത്. അന്ന് ലതികയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് കുഞ്ഞമ്മദ്കുട്ടി മാസ്റ്ററായിരുന്നു. അതിനാൽ അടുത്ത തവണ കുഞ്ഞമ്മദ്കുട്ടി മാസ്റ്ററെ പരിഗണിക്കുമെന്ന വിശ്വാസമായിരുന്നു മിക്കവർക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.