തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച സാഹചര്യത്തിൽ കാരണമാരാഞ്ഞ് കേന്ദ്രത്തിന് കത്തയക്കാൻ സർക്കാർ തീരുമാനം. ഏകപക്ഷീയമായി പരിധി കുറച്ചതല്ലാതെ കാരണമെന്തെന്ന് സംസ്ഥാനത്തെ അറിയിച്ചിട്ടില്ല. വായ്പപരിധിയിൽ ഭേദഗതികളുണ്ടാകുമ്പോൾ സാധാരണ കാരണം ചൂണ്ടിക്കാട്ടാറുണ്ട്. കിഫ്ബി വായ്പയും സാമൂഹികസുരക്ഷ പെൻഷനുള്ള വായ്പയും ട്രഷറി നിക്ഷേപവുമൊക്കെ മുൻ വർഷങ്ങളിൽ കാരണമായി പറഞ്ഞിരുന്നു. ഇത്തവണ അതും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് കത്തെഴുതുക. കടമെടുപ്പ് പരിധി വർധിപ്പിക്കണമെന്നും അല്ലാത്തപക്ഷം ജീവനക്കാരുടെ ശമ്പളവും പെൻഷനും അടക്കം നിത്യനിദാന ചെലവുകൾ അവതാളത്തിലാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടും.
ആദ്യത്തെ ഒമ്പത് മാസത്തേക്ക് കടമെടുക്കാനുള്ള തുകയാണോ ഒരു വർഷത്തേതെന്ന് തെറ്റായി കേന്ദ്രം കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സംശയം സംസ്ഥാനത്തിനുണ്ട്. കേന്ദ്രത്തിൽനിന്ന് മറുപടി ലഭിച്ചാലേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂ. ഉദ്യോഗസ്ഥതല കത്തെഴുത്തിൽ ഫലമുണ്ടായില്ലെങ്കിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്ര ധനമന്ത്രിക്ക് കത്തയക്കാനാണ് തീരുമാനം. കടമെടുപ്പിന് വഴിയടഞ്ഞ സാഹചര്യത്തിൽ നികുതി വഴിയും മറ്റുമുള്ള വരുമാനങ്ങൾ കുതിച്ചുയർന്നാലേ സർക്കാറിന് പിടിച്ചുനിൽക്കാൻ കഴിയൂ.
ഈ സാമ്പത്തികവർഷം പൊതുവിപണിയിൽനിന്ന് കേരളത്തിന് കടമെടുക്കാമെന്ന് കേന്ദ്രം തന്നെ സമ്മതിച്ചിരുന്ന 32,442 കോടിയിൽനിന്ന് ഒറ്റയടിക്ക് 17,052 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇതോടെ ഈ വർഷം കടമെടുക്കാൻ കഴിയുന്ന തുക 15,390 കോടിയായി കുറഞ്ഞു. കിഫ്ബിയും പെൻഷൻ കമ്പനിയും അടക്കം എടുത്ത വായ്പകൾ സംസ്ഥാനത്തിന്റെ കടപരിധിയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്രത്തിന്റെ കടുംവെട്ടെന്നാണ് ധനവകുപ്പിന്റെ അനുമാനം. എന്നാൽ ഇത് 17,052 കോടിയോളം വരില്ല. ഇൗ വർഷം കടമെടുക്കാൻ കഴിയുന്ന 15,390 കോടി രൂപയിൽ നിന്ന് 2,000 കോടി ഇതിനകംതന്നെ സംസ്ഥാന സർക്കാർ കടമെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.