തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളജിലെ തലവരിക്കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന സി.എസ്.െഎ ബിഷപ് ധർമരാജ് റസാലത്തെ ഒഴിവാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട എട്ട് കേസുകളിലാണ് ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഡയറക്ടർ ബോർഡ് അംഗം ഡോ. ബെന്നറ്റ് എബ്രഹാം ഉൾപ്പെടെ എട്ടുപേർ പ്രതിപ്പട്ടികയിലുണ്ട്.
കോളജ് ഡയറക്ടറും ജീവനക്കാരും തട്ടിപ്പ് നടത്തിയെന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്. മെഡിക്കൽ സീറ്റിനായി തലവരിപ്പണം വാങ്ങിയശേഷം അഡ്മിഷൻ നൽകിയില്ലെന്നായിരുന്നു പരാതി. എന്നാൽ, തട്ടിപ്പിൽ ബിഷപ്പിന് പങ്കില്ലെന്ന് കുറ്റപത്രം വിശദീകരിക്കുന്നു. പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമം നിലനിൽക്കില്ലെന്നും വ്യക്തമാക്കി. പകരം വഞ്ചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. നേരത്തേ അഴിമതി നിരോധന നിയമം ചുമത്തിയാണ് കേസെടുത്തിരുന്നത്.
മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് 2016 മുതൽ തലവരിപ്പണം കൈപ്പറ്റിയെന്ന് പരീക്ഷ മേൽനോട്ട സമിതിക്ക് മുന്നിൽ ബിഷപ് മുമ്പ് സമ്മതിച്ചിരുന്നു. 24 കുട്ടികളിൽ നിന്നാണ് ലക്ഷങ്ങൾ കോഴയായി വാങ്ങിയത്. ബെന്നറ്റ് എബ്രഹാമിന് പുറമേ, കംപ്ട്രോളർ തങ്കരാജ്, പ്രിൻസിപ്പലായിരുന്ന ഡോ. മധുസൂദനൻ നായർ, ജീവനക്കാരായ ഫാദർ ജയരാജ്, ഷിബി, ഷിജി, റസലയ്യൻ, എം.എസ് അലക്സ് എന്നിവരാണ് പ്രതികൾ.
കേസിൽ വമ്പൻ സ്രാവുകളെ രക്ഷിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നെന്ന് ഹൈകോടതി കഴിഞ്ഞവർഷം രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. മുഖ്യപ്രതികളായ സി.എസ്.ഐ സഭ മോഡറേറ്റര്‍ ധര്‍മരാജ് റസാലത്തിനും കോളജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രാഹാമിനുമെതിരെ അന്വേഷണമില്ലാത്തത് ആശങ്കപ്പെടുത്തുന്നതാണെന്നും കോടതി വ്യക്തമാക്കി. ഹൈകോടതിയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ അഴിമതി നിരോധന നിയമ വകുപ്പുകൾകൂടി ചേർത്താണ് അന്വേഷണമാരംഭിച്ചത്. ആ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ അഴിമതി നിേരാധന നിയമം ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചത്. അതേസമയം, കാരക്കോണം മെഡിക്കൽ കോളജിലെ ചെക്ക് തട്ടിപ്പ് കേസിൽ തെളിവ് കണ്ടെത്താനായില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. സാമ്പത്തിക തട്ടിപ്പ് നടത്താനായി കോളജിെൻറ ചെക്ക് ദുരുപയോഗം ചെയ്തെന്നായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.