നയന സൂര്യയുടെ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. നയനയുടേത് കൊലപാതകമെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും.

തിരുവനന്തപുരത്തെ വീട്ടിൽ 2019 ഫെബ്രുവരി 24നാണ് നയനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയാരോപിച്ച് സുഹൃത്തുക്കൾ രംഗത്തെത്തിയിരുന്നു. നാലു വർഷത്തോളമായിട്ടും മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസിനായിട്ടില്ലെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. തിരുവനന്തപുരം ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ (ഡി.സി.ആർ.ബി) അസി. കമീഷണർ ജെ.കെ. ദിനിലിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണത്തിന്‍റെ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.

നയനയുടെ കഴുത്തിൽ കയറിട്ട് മുറുക്കിയ പാട്, വയറ്റിൽ ക്ഷതമേറ്റുള്ള ആന്തരിക രക്തസ്രാവം എന്നിവ വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നത്. നയന താമസിച്ച മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്തു കയറി സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.

മ്യൂസിയം പൊലീസാണ് നയനയുടേത് കൊലപാതമല്ലെന്ന നിഗമനത്തിൽ എത്തിയത്. വീടും മുറിയും അകത്തുനിന്നും പൂട്ടിയ സാഹചര്യത്തിൽ കൊലപാതക സാധ്യത തുടക്കത്തിൽതന്നെ അന്വേഷണ സംഘം തള്ളി. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയായ നയന അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയും സന്തത സഹചാരിയുമായിരുന്നു. ലെനിന്‍ സംവിധാനം ചെയ്ത ‘മകരമഞ്ഞി’ലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ‘പക്ഷികളുടെ മണം’ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.

കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് നയനയുടെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. കഴുത്തിന് ചുറ്റും ഉരഞ്ഞുണ്ടായ നിരവധി മുറിവുകളാണ് കണ്ടെത്തിയത്. 31.5 സെന്റീമീറ്റര്‍ വരെ നീളമുള്ള മുറിവുകള്‍ കഴുത്തിന് ചുറ്റുമുണ്ട്. കൂടാതെ, ഇടത് അടിവയറ്റില്‍ ചവിട്ടേറ്റത് പോലുള്ള ക്ഷതം കണ്ടെത്തിയിരുന്നു. ഇതിന്റെ ആഘാതത്തില്‍ ആന്തരിക അവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. പാന്‍ക്രിയാസ്, കിഡ്‌നി എന്നീ അവയവങ്ങളിലാണ് രക്തസ്രാവമുണ്ടായത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    
News Summary - Crime branch will investigate the mysterious death of Nayana Surya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.