കെ. കുഞ്ഞിരാമൻ എം.എൽ.എക്കെതിരെ ക്രിമിനൽ കേസെടുക്കണം -ചെന്നിത്തല

കോഴിക്കോട്: കള്ളവോട്ട് തടയാന്‍ ശ്രമിച്ച പ്രിസൈഡിങ് ഓഫിസറുടെ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സി.പി.എം എം.എല്‍.എ കെ. കുഞ്ഞിരാമനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളവോട്ട് തടയാന്‍ ബാധ്യതയുള്ള ജനപ്രതിനിധിയാണ് കള്ളവോട്ട് ചെയ്യിക്കാന്‍ നോക്കിയത്. തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള സി.പി.എം ശ്രമമാണിതെന്നും ചെന്നിത്തല പറഞ്ഞു.

എതിര്‍ കക്ഷികളുടെ ബൂത്ത് ഏജന്‍റുമാരെ അടിച്ചോടിച്ച ശേഷം കള്ളവോട്ട് ചെയ്യുകയാണ് പതിവ്. ഇത് ബൂത്ത് പിടിക്കലിന് തുല്യമാണ്. ഒരു ജനപ്രതിനിധി ഇതിനായി നേതൃത്വം കൊടുക്കുന്നത് നിസ്സാരമായി തള്ളാന്‍ കഴിയുന്ന കാര്യമല്ല. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിസൈഡിങ് ഓഫിസര്‍ പ്രഫ. കെ. ശ്രീകുമാർ തന്നെയാണ് ഇക്കാര്യത്തില്‍ പരാതി നല്‍കിയിരിക്കുന്നത്.

സി.പി.എം ശക്തികേന്ദ്രങ്ങളിലെല്ലാം വലിയ തോതിൽ കള്ളവോട്ട് നടക്കാറുണ്ടെന്ന് നേരത്തെ തന്നെ വ്യാപകമായ പരാതി ഉണ്ടായിട്ടുള്ളതാണ്. മാത്രമല്ല, ഭീഷണി കാരണം അവിടെ കള്ളവോട്ട് അനുവദിക്കേണ്ടി വന്നതായും പ്രിസൈഡിങ് ഓഫിസര്‍ പരാതിയില്‍ പറയുന്നുണ്ട്. ഇതും വളരെ ഗൗരവമേറിയ കാര്യമാണ്. ഇക്കാര്യത്തില്‍ നിയമാനുസൃതമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് പ്രിസൈഡിങ് ഓഫിസറായിരുന്ന ഡോ. കെ.എം. ശ്രീകുമാർ എം.എൽ.എക്കെതിരെ ആരോപണമുന്നയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ എം.എൽ.എ തന്നെ കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു കെ.എം. ശ്രീകുമാറിന്‍റെ ഫേസ്ബുക് പോസ്റ്റ്. 

Tags:    
News Summary - Criminal case should be registered against Kunhiraman MLA - Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.