പിണറായി വിജയൻ

ക്രിമിനലുകളെ കേരള പൊലീസിൽ വെച്ചുപൊറുപ്പിക്കില്ല; സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തരുത് -മുഖ്യമന്ത്രി

തിരുവനന്തപുരം: ക്രിമിനലുകളെ കേരള പൊലീസിൽ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വയംതിരുത്തലിനു തയാറാകാത്ത ഉദ്യോഗസ്ഥരെ സേനയിൽനിന്ന് പുറത്താക്കും. നീതി നടപ്പാക്കേണ്ടവർ കുറ്റവാളികളായാൽ സേനയുടെ വിശ്വാസ്യതയെ ബാധിക്കും. പൊലീസ് ഉദ്യോഗസ്ഥർ ആരുമായാണ് ചങ്ങാത്തം കൂടേണ്ടതെന്ന് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

“ജനകീയ സേന എന്ന നിലയിൽ ഭൂരിപക്ഷം ഉദ്യോഗസ്ഥരും മികച്ചവരാണ്. എന്നാൽ ഒരു ചെറിയ വിഭാഗം ഉദ്യോഗസ്ഥർ മാറാൻ തയാറല്ല. മാറാൻ തയാറല്ലെന്ന ശാഠ്യത്തോടെയാണ് അവർ നിൽക്കുന്നത്. അവരെ കണ്ടെത്തി പടിപടിയായി സേനയിൽനിന്ന് ഒഴിവാക്കും. കഴിഞ്ഞ എട്ട് വർഷത്തിനിടെ 108 ഉദ്യോഗസ്ഥരെ സേനയിൽനിന്ന് പുറത്താക്കേണ്ടി വന്നിട്ടുണ്ട്. നീതി നടപ്പാക്കേണ്ടവർ കുറ്റവാളികളായാൽ അത് സേനയുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കും. വിശ്വാസ്യത കളങ്കപ്പെടുത്താൻ ഇട വരരുത്. ക്രിമിനലുകളെ കേരള പൊലീസിൽ വെെച്ചുപൊറുപ്പിക്കില്ല എന്ന നിലപാടു തന്നെയാണ് സർക്കാറിനുള്ളത്” -മുഖ്യമന്ത്രി പറഞ്ഞു.

സേനയിലെ വനിതകളുടെ എണ്ണം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആറ് ശതമാനമായിരുന്ന വനിതാ പൊലീസ് നിലവിൽ 11 ശതമാനമാണ്. അത് 15 ശതമാനമായി വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അടുത്തിടെ ഗുണ്ടാനേതാവിന്‍റെ വിരുന്നിൽ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. ഡി.വൈ.എസ്.പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സംഭവത്തിൽ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്‍റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്.

Tags:    
News Summary - Criminals will be expelled from Kerala Police Force, says CM Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.