കൊച്ചി: ഹൈകോടതി ജഡ്‌ജിയെ വ്യക്തിപരമായി വിമർശിച്ച എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി. സാനുവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കറ്റ് ജനറലിന് അപേക്ഷ. ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരായ വിമർശനത്തിൽ നടപടി സ്വീകരിക്കാൻ അനുമതി തേടി കൊല്ലം അയത്തിൽ സ്വദേശി അഡ്വ. രാകേഷ് കെ. രാജനാണ് അപേക്ഷ നൽകിയത്.
കേന്ദ്ര സർക്കാർ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നയാളാണ് ജഡ്ജിയെന്ന സാനുവിന്‍റെ പരാമർശം കോടതിയലക്ഷ്യമാണെന്ന് കാട്ടിയാണ് അപേക്ഷ. വ്യക്തികൾക്കെതിരായ വിമർശനങ്ങളിൽ കോടതിയലക്ഷ്യ നടപടിയെടുക്കാൻ എ.ജിയുടെ അനുമതി വേണ്ടതുണ്ട്. മാധ്യമ ശ്രദ്ധ ലഭിക്കാൻ ന്യായാധിപരെ വ്യക്തിപരമായി വിമർശിക്കുന്ന പ്രവണത വർധിക്കുന്നതായും ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ഇതു തകർക്കുന്നതായും അപേക്ഷയിൽ പറയുന്നു.
ജൂലൈ നാലിന് സാനു നടത്തിയ പരാമർശങ്ങൾ പ്രസിദ്ധീകരിച്ച മാധ്യമ റിപ്പോർട്ടുകളുടെ പകർപ്പും ഹാജരാക്കി. എ.ജിയുടെ അനുമതി കിട്ടിയാലേ കോടതിയലക്ഷ്യ നടപടി തുടരാനാകൂ.ഇതേസമയം, കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർ ജനറലിനും അപേക്ഷ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.