കൽപറ്റ: മണ്ണിനും മണ്ണിന്റെ മക്കൾക്കും കൃഷിക്കും ആദിവാസികൾക്കും പ്രകൃതിക്കും നാശം സൃഷ്ടിച്ച് വയനാട്ടിൽ അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്ന നിയമവിരുദ്ധ-അനിയന്ത്രിത ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറായി ഇന്ത്യൻ ജനാധിപത്യത്തിന്റെ അവസാനത്തെ പ്രതീക്ഷയായ രാഹുൽ ഗാന്ധി അവതരിച്ചത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. പശ്ചിമഘട്ട മലഞ്ചരിവുകളിലെ അനന്ത വിപണന സാധ്യത മനസ്സിലാക്കി കങ്കാണിമാരായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസും ടി. സിദ്ദിഖ് എം.എൽ.എയും ചവച്ചുരുട്ടി വായിൽ വെച്ച് കൊടുത്തത് നിർലജ്ജം വിളമ്പിയ രാഹുൽ ഗാന്ധിയെക്കുറിച്ചു സഹതാപം മാത്രമേയുള്ളൂ. റിയാസും സിദ്ദീഖും രാഹുൽ ഗാന്ധിയും മാത്രമല്ല, പിണറായി വിജയനും നരേന്ദ്ര മോഡിയും ലോകത്താകെയുള്ള കൊമ്പന്മാരും എത്ര കിണഞ്ഞ് ശ്രമിച്ചാലും വയനാടിനെ സുരക്ഷിതമെന്നു വരുത്തി തീർക്കാനും ടൂറിസത്തെ പാപമുക്തമാക്കാനും സാധ്യമല്ലാത്തവിധം വയനാട് അപകട മുനമ്പിലാണ്. ഇക്കാര്യം രാഹുൽ ഗാന്ധിയും മന്ത്രി റിയാസും സിദ്ദീഖും അവരെ കൊണ്ട് വേഷം കെട്ടിച്ചവരുമെല്ലാം മനസ്സിലാക്കുന്നത് നല്ലതാണ്.

മുണ്ടക്കെ ദുരന്തം മേപ്പാടി പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ മാത്രമാണ് സംഭവിച്ചതെന്നും ഏതാനും പേർ മാത്രമാണ് മരിച്ചതെന്നും റിയാസും സിദ്ദിഖും ലാഘവത്തോടെ പറയുന്നത് മനസ്സിലാക്കാം. രാഹുലിനെക്കൊണ്ട് അതു പറയിപ്പിച്ച ദുഷ്ടശക്തികൾ ഏതാണെന്ന് വയനാട്ടിലെ സാധാരണക്കാരായ ജനങ്ങൾ തിരിച്ചറിയണം. വാസ്തവത്തിൽ രണ്ടു വാർഡുകളുടെ അതിരുകളിലാണ് ഉരുൾപൊട്ടിയത്. വാർഡിന്റെ 95 ശതമാനത്തിനും ഒരു ക്ഷതവും സംഭവിച്ചിട്ടില്ല എന്നും ബാക്കി ഇടങ്ങളൊക്കെ സുരക്ഷിതമാണെന്നും ഭൂപടസഹിതം ഈ മരണത്തിന്റെ വ്യാപാരികൾ പെരുമ്പറയടിച്ച് ഉറഞ്ഞു തുള്ളാത്തത് എന്താണാവോ?


ഇപ്പോഴത്തെ ടൂറിസം കൊണ്ട് വയനാട് ജില്ലക്ക് എന്തു നേട്ടമുണ്ടെന്ന് തിരിച്ചറിയുന്നവരാണ് ഇന്നാട്ടിലെ ഭൂരിഭാഗം പേരും. ജില്ലയിൽ ടൂറിസം ഉപജീവനമാക്കിയവർ വിരലിലെണ്ണാവുന്ന ശതമാനം മാത്രമാണ്. കൃഷിയാണ് ഈ നാടിന്റെ നട്ടെല്ല്. ചെറുകിട കർഷകരും കർഷകത്തൊഴിലാളികളും ആദിവാസികളുമടങ്ങുന്ന ജില്ലയിലെ ബഹുഭൂരിഭാഗം വരുന്ന പാവപ്പെട്ടവർക്ക് ഈ അനിയന്ത്രിത ടൂറിസം ഉപദ്രവമല്ലാതെ ഉപകാരമൊന്നും നൽകുന്നില്ല. വയനാട്ടിലെ ജനങ്ങളുടെ പ്രതിനിധികളെന്ന് ഊറ്റം കൊള്ളുന്ന നേതാക്കൾ ഇന്നാട്ടിലെ അടിസ്ഥാന വർഗത്തിനുവേണ്ടി വാ തുറക്കണം. നിർഭാഗ്യവശാൽ, അവർ സംസാരിക്കുന്നത് ഈ നാടിനെ നശിപ്പിക്കുന്ന മാഫിയകൾക്കുവേണ്ടിയാണ്.

വയനാട് ഇന്നനുഭവിക്കുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ മുഖ്യകാരണങ്ങളിൽ ഒന്നാമത് നിയമ വിരുദ്ധ ടൂറിസം റിസോർട്ടുകളാണ്. ഇവർ വയനാടിന്റെ സമ്പദ്ഘടനക്ക് നൽകി വരുന്ന വിഹിതം പൊലിപ്പിച്ചു കാണിച്ചതും വസ്തുതാ വിരുദ്ധവുമാണ്. ടൂറിസത്തിൽ നിന്നുണ്ടാകുന്നു എന്ന് ഉദ്ഘോഷിക്കപ്പെടുന്ന വരുമാനത്തിന്റെ സിംഹഭാഗവും ചുരമിറങ്ങുകയാണ്. ടൂറിസം വ്യവസായത്തിൽ എത്ര ആദിവാസികൾ തൊഴിൽ ചെയ്യുന്നുണ്ടെന്ന് കണക്ക് പ്രസിദ്ധീകരിക്കണം. ചുരം കയറിവന്ന പുത്തൻ പണക്കാരും റിട്ടയർ ചെയ്ത അഴിമതിക്കാരായ ഉന്നത ഉദ്യോഗസ്ഥരുമാണ് റിസോർട്ടുടമകളിൽ നല്ലൊരു പങ്ക്.

എന്നാൽ, വയനാട് ദശകങ്ങളായി കാർഷിക ദുരന്തത്തിലും കാർഷികത്തകർച്ചയിലും ഉഴറുകയാണ്. അതിന് പരിഹാരമായി ഈ രാഷ്ട്രീയ നേതാക്കൾ ആത്മാർഥമായി എന്തു ചെയ്തുവെന്ന് ജനം തിരിച്ചറിയാണം. വിലയിടിവും കാലാവസ്ഥാ വ്യതിയാനവും കടക്കെണിയും വന്യജീവി പ്രശ്നവും മൂലം വയനാടൻ സമ്പദ്ഘടനയുടെ നട്ടെല്ലായ കാർഷികവ്യവസ്ഥ നാശത്തിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. കാർഷിക ആത്മഹത്യകൾ ഇവിടെ പതിവ് സംഭവമാണ്. ആദിമ നിവാസികൾ എണ്ണമറ്റ അതിക്രമങ്ങൾക്ക് ഇരയായി കൊണ്ടിരിക്കുന്നു. ജനസംഖ്യയിൽ 80 ശതമാനം വരുന്ന കർഷകർക്കു വേണ്ടിയോ കൃഷിയുടെ സംരക്ഷണത്തിനു വേണ്ടിയോ ആദിവാസികൾക്കു വേണ്ടിയോ സിദ്ദിഖും റിയാസും രാഹുൽഗാന്ധിയും അടക്കമുള്ളവരോ രാഷ്ട്രീയ പാർട്ടികളോ യോജിച്ച് ഒരു പ്രസ്താവനയോ ഒത്തുചേരലോ നടത്തിയിട്ടില്ല. ഒരു മാസം വയനാട്ടിലേക്ക് ടൂറിസ്റ്റ് പ്രവാഹം നിലച്ചപ്പോൾ രാഷ്ട്രീയ ശത്രുത വലിച്ചെറിഞ്ഞ് എത്ര നിർലജ്ജമാണ് ഉടുതുണി ഉരിഞ്ഞ് സിദ്ദിഖും റിയാസും ചുടലനൃത്തം ചവിട്ടുന്നത്? ഇക്കൂട്ടർ വയനാട്ടിലെ ആദിവാസികളുടെയും കർഷകരുടെയും ശത്രുക്കളും ഒറ്റുകാരുമാണ്.


വയനാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത് നാടിനും പ്രകൃതിക്കും ചേർന്ന നേരുള്ള ടൂറിസമല്ല . നിയമവിരുദ്ധവും ജനവിരുദ്ധവും പ്രകൃതി വിരുദ്ധവുമായ അനിയന്ത്രിതമായ വിനാശ ടൂറിസമാണ്. വയനാടിന്റെ സംസ്കാരത്തെയും സന്മാർഗ ധാരണകളെയും മലീമസമാക്കുന്ന ടൂറിസമാണ്. ഇതിനെയാണ് പ്രകൃതി സംരക്ഷണ സമിതി എതിർക്കുന്നത്. വനമധ്യത്തിലുള്ളതും വനപരിസരത്തുള്ളതുമായ ടൂറിസം റിസോർട്ടുകൾ ആനത്താരകളെയും വന്യജീവികളുടെ വിഹാരത്തെയും ഭംഗപ്പെടുത്തിയിരിക്കുന്നു. വന്യജീവി ആവാസവ്യവസ്ഥകളിൽ രാത്രി ട്രക്കിങ്ങും മറ്റു നിയമവിരുദ്ധ പ്രവർത്തികളും പതിവായി അരങ്ങേറുന്നു. പ്രാക്തന ഗോത്രവർഗത്തിൽ പെടുന്ന ആദിവാസികളുടെ ഇറയത്ത് വരെ റിസോർട്ടുകൾ അഭംഗുരം വിളയാടുന്നു. ആദിവാസി ഗ്രാമങ്ങളുടെ സ്വൈര്യതയും അവരുടെ സ്വകാര്യതയും നഷ്ടപ്പെടുത്തിയിരിക്കുന്നു. പുഴകളും ഊരുകളിലേക്കുള്ള റോഡുകളും കൈയേറിയിരിക്കുന്നു.

ലോകത്തെ ഞെട്ടിച്ച, ചരിത്രത്തിൽ സമാനതകളില്ലാത്ത മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ചോരയിൽ നിന്നും വയനാട്ടിൽ തടിച്ചു കൊഴുത്ത നിയമവിരുദ്ധ-അസാന്മാർഗിക ടൂറിസത്തെ രക്ഷപ്പെടുത്താൻ ആരാലും സാധ്യമല്ല. മുണ്ടക്കൈയും ചൂരൽമലയും സ്ഥിതിചെയ്യുന്ന വെള്ളരിമലയുടെ മൂർധാവിൽ എണ്ണിയാലൊടുങ്ങാത്ത റിസോർട്ടുകളും സ്വിമ്മിങ് പൂളുകളും ഓഫ് റോഡുകളും ഉണ്ടെന്നത് ആർക്കും നിഷേധിക്കാൻ സാധ്യമല്ല. ഉരുൾപെട്ടലുണ്ടായ ജൂലൈ 30ന് മുമ്പും ശേഷവും ഉള്ള സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിക്കുന്നവർക്കത് പകൽ പോലെ മനസ്സിലാകും. ഉരുൾപൊട്ടലിന്റെ മുഖ്യകാരണങ്ങളിൽ ഒന്ന് ഈ റിസോർട്ടുകളാണെന്നത് എത്ര വെള്ള പൂശിയാലും മറച്ചുവെക്കാൻ സാധ്യമല്ല. വയനാട്ടിൽ 5000 ത്തോളം ചെറുതും വലുതുമായ റിസോർട്ടുകളും ഹോംസ്റ്റേകളും പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പകുതിയിലധികവും മലഞ്ചരിവുകളിലെ അപകടമേഖലയിലാണ്. എത്രയെണ്ണം നിയമാനുസൃതമാണെന്ന കണക്ക് മന്ത്രി റിയാസ് പുറത്തുവിടണം.

വയനാടിന്റെ കുന്നിൻചരിവുകൾ ആകെ ഇവർ വിലക്കുവാങ്ങിയും കൈയേറിയും കൈവശപ്പെടുത്തിയിരിക്കുന്നു. മലകളെ കീറിമുറിച്ച് തലങ്ങും വിലങ്ങും റോഡുകൾ നിർമിച്ചിരിക്കുന്നു. അരുവികളും നീരുറവകളും തിരിച്ചുവിട്ട് സ്വിമ്മിങ് പൂളുകൾ നിറക്കുന്നു. ആനത്താരകൾ ഭംഗപ്പെടുത്തിയും വന്യജീവികളെ ഭക്ഷണത്തിൽ ഉപ്പ് കലർത്തി ആകർഷിച്ചും അറവു മൃഗങ്ങളുടെ അവശിഷ്ടം കൊടുത്തും കാഴ്ചപ്പണ്ടങ്ങളാക്കി പണം കൊയ്യുന്നു. ഇത്തരം ടൂറിസം അവസാനിപ്പിച്ചേ പറ്റൂ. സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമായ ടൂറിസത്തെ ആരും എതിർക്കുന്നില്ല. ഇന്നത്തെ തരത്തിലുള്ള അനിയന്ത്രിത ടൂറിസം ടൂറിസത്തിന്റെ അന്ത്യത്തിന് തന്നെ നിമിത്തമാകുമെന്ന് അതിന്റെ സംരംഭകരും പ്രചാരകരും മനസ്സിലാക്കണം. വയനാട്ടിലേക്കുള്ള സഞ്ചാരപ്രവാഹം ഇ-പാസ്സ്‍ വഴി നിയന്ത്രിക്കണം. പരിസ്ഥിതി സംഘടനകൾക്കെതിരെ ഒളിയുദ്ധം നടത്തുകയല്ല, സ്വയം തിരുത്തുകയാണ് വേണ്ടത്.

രാജ്യത്തെ ഇന്നത്തെ പരിസ്ഥിതി സുസ്ഥിരതയിൽ നിലനിർത്തുന്നതിൽ നെഹ്റു​ കുടുംബത്തിന്റെ പങ്ക് അദ്വിതീയമാണ്. പരിസ്ഥിതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ലോകത്തിലെ ആദ്യത്തെ ഭരണാധികാരികളിൽ ഒരാൾ ഇന്ദിരാഗാന്ധിയായിരുന്നു. ഇന്ത്യൻ ഫോറസ്റ്റ് കൺസർവേഷൻ ആക്ട്, വന്യജീവി സംരക്ഷണ ആക്ട്, എൻവയർമെൻന്റ് ആക്ട്, ജല നിയമം, പൊല്യൂഷൻ കൺട്രോൾ ആക്ട്, പ്രൊജക്ട് ടൈഗർ എന്നിവയുടെയൊക്കെ ഉപജ്ഞാതാവ് ഇന്ദിരാ ഗാന്ധിയാണ്. ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ ഒരുനാടിനെയാകെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന മാരകമായ അനിയന്ത്രിത ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി അധഃപതിച്ചത് മറ്റൊരു വയനാടൻ ദുരന്തമെന്ന് ചരിത്രം വിധിയെഴുതും. സമിതി യോഗത്തിൽ പ്രസിഡന്റ് എൻ. ബാദുഷ, തോമസ് അമ്പലവയൽ, തച്ചമ്പത്ത് രാമകൃഷ്ണൻ, പി.എം. സുരേഷ്, രാധാകൃഷ്ണലാൽ, സി.എ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Criticism Against Rahul Gandhi's Justification of Unregulated Tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.