തിരുവനന്തപുരം: കാട്ടിലെ ആനയുടെയും പുലികളുടെയും എണ്ണം കൃത്യമായി അറിയാവുന്ന സംസ്ഥാന സർക്കാറിന് നാട്ടിലെ ഭിന്നശേഷിക്കാരുടെ എണ്ണം മാത്രം അറിയില്ലെന്ന് മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഭിന്നശേഷിക്കാരുടെ വിമർശനം. ഇടുക്കിയിൽനിന്നെത്തിയ പ്രതിനിധിയാണ് ഭിന്നശേഷിക്കാരോടുള്ള സർക്കാർ അവഗണനക്കെതിരെ ആദ്യം തുറന്നടിച്ചത്.
ഒരു തൊഴിൽപോലും ചെയ്യാൻ കഴിയാത്ത, മറ്റൊരാളുടെ സഹായം കൊണ്ട് മാത്രം എഴുന്നേറ്റുനിൽക്കാൻ ശേഷിയുള്ള, ഭിന്നശേഷി പെൻഷൻകൊണ്ട് മാത്രം ജീവിക്കുന്നവർ നമ്മുടെ നാട്ടിലുണ്ട്. കാട്ടിലെ ആനയും പുലിയും സുഖമായി ഇരിക്കുന്നോയെന്ന് അന്വേഷിക്കുന്നവർ നാട്ടിലെ ഭിന്നശേഷിക്കാരുടെ ജീവിത ചുറ്റുപാടുകളെക്കുറിച്ച് ഒരു പരിശോധനയും നടത്താറില്ല.
കൃത്യമായ വിവരശേഖരണമില്ലാത്തതിനാൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പല പദ്ധതികളും അർഹരിലേക്കെത്താതെ പോകുകയാണ്. ഇത് മറികടക്കാൻ സമഗ്ര വിവരശേഖരണം നടത്തണമെന്നായിരുന്നു ആവശ്യം. മുഖാമുഖം പരിപാടിയിൽ ചോദ്യം ചോദിക്കാനെത്തിയ ചിലരും ഇതേ അവശ്യം ഉന്നയിച്ചു. മറുപടി പ്രസംഗത്തിൽ 2018-19ലെ ഇൻഡിവിജ്വൽ കെയർ പ്ലാൻ വിവരശേഖരണത്തിന്റെ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കുന്ന മുറക്ക് സെൻസസ് ഡേറ്റ അപ്ഡേഷൻ നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തിൽ ഭിന്നശേഷിക്കാർക്ക് ആവശ്യമുള്ള വ്യക്തിഗത പദ്ധതികൾ താഴെത്തട്ടിൽ വരെ ലഭിക്കത്തക്ക രീതിയിൽ പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭിന്നശേഷി പെൻഷൻ കൃത്യമായി ലഭിക്കാത്തതിലുള്ള വിഷമതകളും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇതോടെ, കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിനോട് കാണിക്കുന്ന സാമ്പത്തിക ഉപരോധത്തിന്റെയും ഞെരുക്കത്തിന്റെയും കണക്കുകൾ മുഖ്യമന്ത്രി നിരത്തി. സർക്കാർ ജീവനക്കാരായ ഭിന്നശേഷിക്കാരോട് സ്ഥലംമാറ്റം, സ്ഥാനക്കയറ്റം നടപടികളിൽ വിവേചനം തുടരുകയാണെന്ന് ചിലർ വിമർശിച്ചു. ഉന്നത വിദ്യാഭ്യാസമുള്ള ഭിന്നശേഷിക്കാരെയും പി.എസ്.സി അംഗങ്ങളായും യൂനിവേഴ്സിറ്റി സെനറ്റ് സിൻഡിക്കേറ്റ് അംഗങ്ങളായും പരിഗണിക്കണമെന്ന് ആവശ്യമുയർന്നു. എന്നാൽ, ഈ ആവശ്യങ്ങളോടൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.