പരീക്ഷ നടത്തിപ്പിനെ വിമർശിച്ചു; വിരമിക്കുന്നതിന് തൊട്ടുമുമ്പ് അധ്യാപകന് ശാസന

തിരുവനന്തപുരം: വിദ്യാർഥികളെയും അധ്യാപകരെയും മുൻകൂട്ടി അറിയിക്കാതെ 2022ലെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിലെ ഫോക്കസ് ഏരിയ സമ്പ്രദായത്തിൽ മാറ്റം വരുത്തിയതിനെ വിമർശിച്ച അധ്യാപകന് വിരമിക്കുന്നതിന് തൊട്ടുമുമ്പ് വിദ്യാഭ്യാസ വകുപ്പ് ‘സെൻഷ്വർ’ (ശാസന) ശിക്ഷ. കണ്ണൂർ പയ്യന്നൂർ ഗവ. ഗേൾസ് എച്ച്.എസ്.എസിലെ എച്ച്.എസ്.എസ്.ടി മലയാളം അധ്യാപകൻ പി. പ്രേമചന്ദ്രനെതിരെയാണ് നടപടി.

തൊട്ടുമുൻവർഷത്തെ രീതിയിൽനിന്ന് വ്യത്യസ്തമായി ഫോക്കസ് ഏരിയയിൽ മാറ്റം വരുത്തിയ വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടിയെ വിമർശിച്ചാണ് പ്രേമചന്ദ്രൻ ഫേസ് ബുക്ക് പോസ്റ്റിട്ടത്. അധ്യാപകന്‍റെ വിമർശനത്തിന് പൊതുജന പിന്തുണ ലഭിക്കുകയും വകുപ്പിന്‍റെ നടപടി വിമർശന വിധേയമാകുകയും ചെയ്തതിന് പിന്നാലെയാണ് അച്ചടക്ക നടപടി തുടങ്ങിയത്.

സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി അധ്യാപകന് ചാർജ് മെമ്മോ ഉൾപ്പെടെ നൽകി. മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തിയ വകുപ്പ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹയർസെക്കൻഡറി പരീക്ഷ ജോയന്‍റ് ഡയറക്ടറെ ചുമതലപ്പെടുത്തി. അധ്യാപകൻ കുറ്റക്കാരനാണെന്ന് വ്യക്തമാക്കി സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്ന് സെൻഷ്വർ ശിക്ഷ നൽകുന്നതിന് കാരണം കാണിക്കൽ നോട്ടീസ് നൽകി.

ആവിഷ്കാര സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചാണ് അഭിപ്രായ പ്രകടനം നടത്തിയതെന്നും പ്രതിഷേധിക്കാനുള്ള അവകാശമായി കണ്ട് നടപടിയിൽനിന്ന് ഒഴിവാക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ഇതു തള്ളിയ പൊതുവിദ്യാഭ്യാസ ഡയറക്ടർ അധ്യാപകന്‍റെ നടപടി വിദ്യാർഥികളിലും രക്ഷകർത്താക്കളിലും ആശങ്ക വളർത്തുന്നതും സർക്കാറിന് എതിരാക്കാൻ ശ്രമിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു. പെരുമാറ്റചട്ട വ്യവസ്ഥകൾ ലംഘിച്ചതിനാൽ ‘സെൻഷ്വർ’ എന്ന ശിക്ഷ നൽകി അച്ചടക്ക നടപടി പൂർത്തീകരിക്കുകയായിരുന്നു. ഈ മാസം 31നാണ് പ്രേമചന്ദ്രൻ സർവിസിൽനിന്ന് വിരമിക്കുന്നത്. ഇടത് അധ്യാപക സംഘടന അംഗമായ അധ്യാപകനെതിരായ നടപടിക്കെതിരെ കെ.എസ്.ടി.എയിൽ ഉൾപ്പെടെ പ്രതിഷേധം ഉയർന്നിരുന്നു.

Tags:    
News Summary - Criticized the conduct of the examination; Teacher reprimanded just before retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.