തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ‘കടുംവെട്ടില്‍’ ഇടപെട്ട് സംസ്ഥാന വിവരാവകാശ കമീഷന്. ‘മാധ്യമം’ ലേഖകൻ അനിരു അശോകൻ നല്കിയ പരാതിയില്‍ സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥരോട് തെളിവെടുപ്പിന് ഹാജരാകാൻ കമീഷൻ ഉത്തരവിട്ടു.
റിപ്പോർട്ടുമായി ബന്ധപ്പെട്ട ഫയലുകളുമായി സാംസ്കാരിക വകുപ്പിന്റെ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസറും അപ്പീൽ അധികാരിയും ഒക്ടോബര്‍ ഒമ്പതിന് രാവിലെ 11.30ന് വിവരാവകാശ കമീഷൻ ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. നിയമപ്രകാരം അപേക്ഷകർക്ക് നൽകേണ്ട റിപ്പോര്‍ട്ടിലെ അഞ്ച് പേജുകള്‍ സര്‍ക്കാര്‍ രഹസ്യമായി ഒഴിവാക്കിയത് ‘മാധ്യമം’ ആണ് പുറത്തുകൊണ്ടുവന്നത്. വിവരാവകാശ കമീഷണറെ നോക്കുകുത്തിയാക്കിയായിരുന്നു സർക്കാറിന്റെ കടുംവെട്ട്.
ജൂലൈ അഞ്ചിനാണ് ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴിനൽകിയവരുടെയും ആരോപണവിധേയരുടെയും വ്യക്തിവിവരങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുൽ ഹക്കീം ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ കമീഷൻ വിലക്കിയ 33 ഖണ്ഡികകൾ ഉൾപ്പെടെ 137 ഖണ്ഡികകളാണ് സ്വകാര്യതയെ ബാധിക്കുന്നതെന്ന് കണ്ടെത്തി എസ്.പി.ഐ.ഒ സുഭാഷിണി തങ്കച്ചി ഒഴിവാക്കിയത്. ഒഴിവാക്കിയ പേജുകളും ഖണ്ഡികകളും വരികളും പട്ടിക തിരിച്ച് അപേക്ഷകർക്ക് നൽകി.
ശേഷിക്കുന്ന 233 പേജുകളുടെ പകർപ്പുകൾ ലഭിക്കാൻ പേജ് ഒന്നിന് മൂന്ന് രൂപ നിരക്കിൽ ട്രഷറിയിൽ അടക്കണമെന്നാണ് അറിയിച്ചത്. എന്നാൽ, ആഗസ്റ്റ് 19ന് നടി രഞ്ജിനിയുടെ ഹരജി ഹൈകോടതി തള്ളിയതിനു പിന്നാലെ 11 ഖണ്ഡികകൾ കൂടി ഒഴിവാക്കിയാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ടിലെ 49 മുതൽ 53 പേജുകളിലെ വിവരങ്ങൾ രഹസ്യമായി ഒഴിവാക്കിയതിനെതിരെ അപ്പീൽ അധികാരി ആർ. സന്തോഷിന് പരാതി നൽകിയെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. ഇതോടെയാണ് ലേഖകൻ വീണ്ടും വിവരാവകാശ കമീഷനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.