കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട ഇന്നോവ കാറില്‍ നിന്ന് 1.02 കോടി രൂപയുടെ അസാധു നോട്ട് പിടികൂടി. വാഹനത്തിലുണ്ടായിരുന്ന തൃശൂർ വടക്കാഞ്ചേരി കരുവാത്തറ സ്വദേശി സിറാജുദ്ദീനെ (39) റവന്യൂ ഇൻറലിജന്‍സ് സംഘം പിടികൂടി. ഇയാളോടൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു.
അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുടെ കെട്ടുകളാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് 7.30ഓെടയാണ് കോഴിക്കോട് റവന്യൂ ഇൻറലിജന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ശബരീഷിെൻറ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. തുടര്‍ന്ന് കെ.എല്‍ 08 എ.ആര് 9797 നമ്പറിലുള്ള സില്‍വര്‍ കളര്‍ ഇന്നോവ കാറില്‍ നിന്ന് പണം പിടികൂടുകയായിരുന്നു. വിദേശ ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30നുള്ളില്‍ പഴയ അസാധു നോട്ട് 25,000 രൂപ വീതം മാറിയെടുക്കാമെന്ന പ്രത്യേക ഓര്‍ഡിനന്‍സ് നിലവിലുണ്ട്.
ഈ പഴുത് ഉപയോഗിച്ച് പഴയ നോട്ട് മാറാനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായും ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഡി.ആർ.ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ശബരീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഡി.ആർ.െഎ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശിവപ്രസാദ്, സ്പെഷൽ ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍ പി. ഹരിപ്രസാദ്, വി.എൻ. അശോകൻ, കെ. സലില്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.