തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അക്കാദമിക കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി പുനഃസംഘടന വിവാദത്തിൽ. മുമ്പെങ്ങുമില്ലാത്തവിധം 71 പേരെ കുത്തിനിറച്ച കമ്മിറ്റിയിൽ യഥേഷ്ടം സി.പി.എം അനുകൂലികൾക്കൊപ്പം ആദ്യമായി ബി.ജെ.പി അനുകൂല അധ്യാപക സംഘടനക്കും പ്രാതിനിധ്യം നൽകി. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി വൈസ് ചെയർമാനുമായി പുനഃസംഘടിപ്പിച്ച കമ്മിറ്റി സർക്കാർ മാറുന്നത് വരെയുള്ള സ്ഥിരം സംവിധാനമാണ്. സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്കരണ നടപടികൾക്ക് ഉൾപ്പെടെ അംഗീകാരം നൽകേണ്ട സമിതിയാണ് പാർട്ടിക്കാരെ കുത്തിനിറച്ച് ജംബോ കമ്മിറ്റിയാക്കിയതെന്ന് ആക്ഷേപമുണ്ട്.
സി. രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 2017 ജനുവരി ഒമ്പതിനാണ് മുമ്പ് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. അന്ന് 52 അംഗങ്ങളായിരുന്നു. അതിന് മുമ്പ് യു.ഡി.എഫ് ഭരണകാലത്ത് 40ഓളം പേരെ ഉൾപ്പെടുത്തി കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ അംഗങ്ങളുടെ എണ്ണക്കൂടുതൽ ചൂണ്ടിക്കാട്ടി ഇടതു സംഘടനകൾ വിമർശനമുയർത്തിയിരുന്നു. ശേഷം എൽ.ഡി.എഫ് രണ്ടുതവണ പുനഃസംഘടിപ്പിച്ച കമ്മിറ്റികളും അംഗങ്ങളുടെ എണ്ണത്തിൽ റെക്കോഡിട്ടു.
കഴിഞ്ഞ കരിക്കുലം കമ്മിറ്റിയിൽവരെ ബി.ജെ.പി സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന് (എൻ.ടി.യു) പ്രാതിനിധ്യം നൽകിയിരുന്നില്ല. ഇത്തവണ എൻ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ്കുമാറിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഇദ്ദേഹത്തെ പാഠ്യപദ്ധതി പരിഷ്കരണ മേൽനോട്ട ചുമതലയുള്ള കരിക്കുലം കോർ കമ്മിറ്റിയിലും അംഗമാക്കിയിട്ടുണ്ട്. ശാസ്ത്ര സാഹിത്യപരിഷത്ത് ഭാരവാഹിത്വം വഹിച്ച മൂന്നുപേരെ ഉൾപ്പെടുത്തി.
തിരുവനന്തപുരത്ത് അനുപമയുടെ കുഞ്ഞിന്റെ വിവാദ ദത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ രണ്ടുപേരും പാർട്ടി ബന്ധത്തിന്റെ പേരിൽ കരിക്കുലം കമ്മിറ്റിയിൽ ഇടംപിടിച്ചു. ഇതിൽ ഒരാൾ കരിക്കുലം കോർ കമ്മിറ്റിയിലും അംഗമാണ്. എന്നാൽ, ഹയർസെക്കൻഡറി അധ്യാപക സംഘടനകളെ കമ്മിറ്റികളിൽനിന്ന് പൂർണമായി തഴഞ്ഞു. ഹയർസെക്കൻഡറി മേഖലയുമായി ബന്ധപ്പെട്ട അക്കാദമിക വിഷയങ്ങളും പാഠപുസ്തകങ്ങളുടെ അംഗീകാരം ഉൾപ്പെടെ കാര്യങ്ങളും കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ പരിഗണനക്കാണ് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.