തൃശൂർ: കഞ്ചാവ് കേസ് പ്രതി എക്‌സൈസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ കസ്റ്റഡിയിലുണ്ടായിരുന്ന രണ്ടുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കീഴടങ്ങിയ എക്‌സൈസ് സ്‌ക്വാഡ് അംഗങ്ങളായ ഊരകം വലിയാട്ടു പറമ്പിൽ വി.എം. സ്മിബിൻ (31), മറ്റത്തൂർ മൂന്നുമുറി കുന്നത്തുപറമ്പിൽ വീട്ടിൽ മഹേഷ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കേസ് സി.ബി.ഐക്ക് വിട്ട് മന്ത്രിസഭ യോഗം തീരുമാനമെടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അറസ്റ്റ്. ഇതോടെ എട്ടു പേരുള്ള സംഘത്തിൽ അഞ്ചുപേർ അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കി ഇരുവരെയും റിമാൻഡ് ചെയ്തു. എക്‌സൈസ് പ്രിവൻറീവ് ഓഫിസർമാരായ അബ്ദുൽ ജബ്ബാർ, അനൂപ് കുമാർ, എക്‌സൈസ് ഓഫിസർ നിധിൻ മാധവ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം തിരൂർ സ്വദേശി രഞ്ജിത്തിനെ രണ്ട് കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്. പാവറട്ടി കള്ളുഷാപ്പ് ഗോഡൗണിൽ എത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. സംഘത്തിലെ പ്രിവൻറീവ് ഓഫിസര്‍മാരായ വി.എ. ഉമ്മര്‍, എം.ജി. അനൂപ് കുമാര്‍, അബ്ദുൽ ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നിധിന്‍ എം.മാധവന്‍, വി.എം. സ്മിബിന്‍, എം.ഒ. ബെന്നി, മഹേഷ്, ഡ്രൈവര്‍ വി.ബി. ശ്രീജിത്ത് എന്നിവരെ സസ്‌പെൻഡ് ചെയ്തു. ബാക്കി മൂന്നുപേർക്ക് അന്വേഷണം ഊർജിതമാക്കി. തുടരന്വേഷണം സി.ബി.ഐ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.