കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന അച്ചു ഉമ്മന്റെ പരാതിയിൽ പൊലീസ് മൊഴിയെടുത്തു. ബുധനാഴ്ച പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ വീട്ടിലെത്തി തിരുവനന്തപുരം പൂജപ്പുര പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. പോസ്റ്റുകളിലെ വാചകങ്ങളും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട സൈബർ അക്കൗണ്ടുകളുടെ വിവരങ്ങളും മൊഴിയായി നൽകിയിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ സംസ്ഥാന വനിത കമീഷനിലും സൈബർ സെല്ലിലും പൂജപ്പുര പൊലീസ് സ്റ്റേഷനിലും പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെയും പാർട്ടി പ്രചാരണവേദികളിലൂടെയും അപമാനിച്ചുവെന്നായിരുന്നു പരാതി. പ്രചരിക്കപ്പെട്ട ഫേസ്ബുക്ക് ലിങ്കുകളുടെ വിവരങ്ങൾ സഹിതമാണ് പരാതി നൽകിയത്. ഇതേതുടർന്ന് ഇടത് സംഘടനാ പ്രവര്‍ത്തകനും സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷനല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പരാതിക്ക് പിന്നാലെ നന്ദകുമാര്‍ ക്ഷമാപണം നടത്തിയിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായതോടെയാണ് അച്ചു ഉമ്മന്റെ ജോലിയും വസ്ത്രധാരണവും സാമ്പാദ്യവുമൊക്കെ ഉയര്‍ത്തിയുള്ള അധിക്ഷേപം സൈബര്‍ ഇടങ്ങളില്‍ സജീവമായത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടിയെന്ന നിലയിലായിരുന്നു ഇടത് അനുകൂല ഗ്രൂപ്പുകളിലെ പ്രചാരണം. ഇതിനെതിരെ രൂക്ഷവിമർശനവുമായി അച്ചു ഉമ്മൻ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.