തൃശൂർ: എഴുത്തുകാരി സാറാ ജോസഫിന്റെ മരുമകൻ പി.കെ ശ്രീനിവാസന് സൈബർ തട്ടിപ്പ്് വഴി 20 ലക്ഷം രൂപ നഷ്ടമായി. കാനറ ബാങ്കിന്‍റെ വെസ്റ്റ് പാലസ് ബ്രാഞ്ചിലാണ് ശ്രീനിവാസന് അക്കൗണ്ടുണ്ടായിരുന്നത്. ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. സംഭവത്തിൽ പി. കെ ശ്രീനിവാസൻ സൈബർ സെല്ലിലും ബാങ്ക് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
ബി.എസ്.എൻ.എൽ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്താണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. ഈ സിം കാർഡിൽ വന്ന ഒ.ടി.പി ഉപയോഗിച്ചാണ് തട്ടിപ്പ് സംഘം പണം പിൻവലിച്ചത്. ഈ മാസം 19നാണ് അഞ്ച് തവണകളായി ശ്രീനിവാസന്‍റെ ഓഫിസ് അക്കൗണ്ടിൽ നിന്ന് 20, 25,000 രൂപ പിൻവലിച്ചത്.
പുലർച്ചെയാണ് ട്രാൻസാക്ഷൻ നടന്നിട്ടുള്ളതെന്ന് പരാതിയിൽ പറയുന്നു. ഉച്ചക്ക് രണ്ട് മണിയോടെ ഓഫിസിൽ നിന്നും വിളിച്ചുപറയുമ്പോൾ മാത്രമാണ് വിവരം അറിഞ്ഞത്. തന്‍റെ ഫോണിലേക്ക് ഇതുസംബന്ധിച്ച് മെസേജുകളൊന്നും വന്നിട്ടില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.
ആധാർ കാർഡ് വ്യാജമായി നിർമിച്ച് അതിൽ മറ്റൊരാളുടെ ഫോട്ടോ പതിപ്പിച്ച് അതുവഴി ഡ്യൂപ്ലിക്കേറ്റ് സിംകാർഡ് നിർമിച്ചാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനും ഇതിൽ പങ്കുള്ളതായി സംശയമുണ്ടെന്നും പരാതിയിൽ പറയുന്നു. ആലുവയിൽ നിന്ന് ഡ്യൂപ്ലിക്കേറ്റ് സിം നൽകുമ്പോൾ നേരത്തേയുള്ള ഫോട്ടോയുമായി ക്രോസ് ചെയ്താൽ മനസ്സിലാക്കുമായിരുന്ന തട്ടിപ്പായിരുന്നു ഇതെന്നും ശ്രീനിവാസൻ ആരോപിക്കുന്നു.
സംഭവത്തിൽ ബാങ്കിനെ സാറാ ജോസഫ് വിമർശിച്ചു. ബാങ്ക് അറിയാതെ ഒന്നും സംഭവിക്കില്ലെന്നാണ് സാറാജോസഫ് നൽകുന്ന വിശദീകരണം. പരാതി പറഞ്ഞിട്ടും ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് തണുത്ത പ്രതികരണമാണ്. പണം പിൻവലിക്കപ്പെട്ട വിവരം മെസേജായി ലഭിച്ചില്ലെന്നും സാറാ ജോസഫ് വ്യക്തമാക്കി.
സാറ ജോസഫിന്റെ മകളും എഴുത്തുകാരിയുമായി സംഗീതയുടെ ഭർത്താവാണ് പ്രമുഖ ആർക്കിടെക്റ്റായ ശ്രീനിവാസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.