ഡി-ലിറ്റ് വിവാദം: ഗവർണർ വസ്‌തുത വെളിപ്പെടുത്തണം -രമേശ് ചെന്നിത്തല

*തനിക്ക് ആരോടും അഭിപ്രായവ്യത്യാസമില്ല, പൊലീസിന്‍റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടു

കൊച്ചി: രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ കാര്യങ്ങൾ ഗവർണർ തന്നെ വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല. പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചുനിൽക്കുന്നതായും കൊച്ചിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. താൻ ഉന്നയിച്ചവ ഗവർണർ നിഷേധിച്ചിട്ടില്ല. രാജ്യത്തിന് അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങൾ സംഭവിച്ചെന്ന ഗവർണറുടെ ആരോപണത്തോട് മുഖ്യമന്ത്രി എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്​. ഡി-ലിറ്റ്​ വിഷയത്തിൽ കേരള സർവകലാശാല വി.സിയുടെ മൗനം ദുരൂഹമാണ്.

സർവകലാശാലകളുടെ സ്വയംഭരണാധികാരത്തിൽ സർക്കാർ അനാവശ്യമായി ഇടപെടുകയാണ്​. ബന്ധുക്കളെയും സ്വന്തക്കാരെയും നിയമിച്ച്​ സർവകലാശാലകളെ സർക്കാർ ഡിപ്പാർട്​മെന്‍റാക്കി. കണ്ണൂർ യൂനിവേഴ്​സിറ്റിയിൽ വി.സിയുടെ തുടർനിയമനത്തിൽ തെറ്റായ നടപടി ചെയ്യാൻ നിർബന്ധിതനായെന്ന് ഗവർണർ പരസ്യമായി പറഞ്ഞതാണ്​. എന്നിട്ടും എന്തുകൊണ്ടാണ് ഗവർണർ ആ വൈസ് ചാൻസലറെ പുറത്താക്കാത്തത്. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി ആശങ്കയിലാണ്​. സർവകലാശാലകളുടെ വിശ്വാസ്യത തകരുന്നു. കാലടി സർവകലാശാല ഓണററി ഡി-ലിറ്റ് കൊടുക്കാൻ തീരുമാനിച്ചവർക്ക് ഇതുവരെ കൊടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ അഞ്ചുവർഷവും പിണറായി സർക്കാറിനെതിരായ ശക്തമായ പോരാട്ടം നയിച്ചത് താനായിരുന്നു. ഇനിയും തുടരും. പാർട്ടി അഭിപ്രായമെന്നത്​ കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും പറയുന്നതാണെന്നും രമേശ് ചെന്നിത്തലക്ക്​ അഭിപ്രായം പറയാമെന്നേയുള്ളൂ എന്നുമുള്ള വി.ഡി. സതീശന്‍റെ പ്രസ്താവനയോട് താൻ ആ സ്ഥാനങ്ങളിൽ ഇരുന്ന ആളായതുകൊണ്ട് മറുപടി പറയുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. താൻ ഉന്നയിച്ച കാര്യങ്ങൾ ദേശീയ പ്രാധാന്യമുള്ളതാണ്. ആരോടും അഭിപ്രായ വ്യത്യാസമില്ല.

പൊതുസമൂഹത്തിന്​ ഗുണകരമാകുന്ന വിഷയങ്ങൾ ഉന്നയിക്കാൻ പൊതുപ്രവർത്തകർ ബാധ്യസ്ഥരാണ്​. കഴിഞ്ഞ അഞ്ചുവർഷവും ഒറ്റയാൾ പോരാട്ടമാണ്​ നടത്തിയത്​. അത്​ ഇനിയും തുടരും. പിന്നീട്​ പാർട്ടി അത്​ ഏറ്റെടുത്തിട്ടുണ്ട്. ആരും ഇക്കാര്യത്തിൽ പുറകോട്ടുപോയിട്ടില്ല. എല്ലാവരും ഒപ്പമുണ്ടെന്നും കോണ്‍ഗ്രസിൽ അഭിപ്രായ വ്യത്യാസമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര വകുപ്പ്​ പൂർണ പരാജയമാണ്​. പൊലീസിന്‍റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടു. കുത്തഴിഞ്ഞ സ്ഥിതിയാണ് ആഭ്യന്തര വകുപ്പിൽ. പൊലീസ് നിരപരാധികളെ ആക്രമിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Tags:    
News Summary - D-LITT controversy: Governor should disclose facts: Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.