തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാർക്ക് നാലു ഗഡു ഡി.എ കുടിശ്ശിക നൽകേണ്ടെന്ന ഡയറക്ടർ ബോർഡ് തീരുമാനം നിയമപോരാട്ടത്തിലേക്ക് നീങ്ങുന്നു. ഹൈകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഡി.എ ലഭിക്കുമെന്നാണ് ജീവനക്കാർ പൊതുവെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഡി.എ കുടിശ്ശിക നൽകേണ്ടെന്ന തീരുമാനം പ്രതിഷേധത്തിന് കാരണമാവുകയായിരുന്നു. തീരുമാനത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ.
ഡി.എ വിഷയത്തിൽ കോൺഫെഡറേഷനാണ് ഹൈകോടതിയെ സമീപിച്ചത്. തുടർന്ന് ബോർഡ് യോഗത്തിൽ ഉചിതമായ തീരുമാനമെടുക്കാമെന്ന് കെ.എസ്.ഇ.ബി കോടതിയെ അറിയിച്ചു. നവംബറിൽ യോഗം ചേരുമെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു. നവംബർ 23നു ചേർന്ന ബോർഡ് ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനമെടുത്തെങ്കിലും ഡി.എ നൽകേണ്ടതില്ലെന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സ്ഥാപനത്തിൽ നടത്തിയ ശമ്പള പരിഷ്കാരം സർക്കാർ അംഗീകാരത്തോടെയല്ലെന്നും അധികമായി നൽകിയ തുക തിരിച്ചു പിടിക്കണമെന്നുമുള്ള ഊർജ സെക്രട്ടറിയുടെ നിലപാടും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതു സംബന്ധിച്ച സി.എ.ജിയുടെ പരാമർശവും ഉത്തരവിൽ സൂചിപ്പിക്കുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ഡി.എ നൽകാനാവില്ലെന്ന് ബോർഡ് തീരുമാനിച്ചെന്നാണ് ഉത്തരവിൽ പറയുന്നത്.
എന്നാൽ, ഉയർന്ന നിരക്കിലെ വൈദ്യുതി വാങ്ങൽ കരാറടക്കം ബോർഡിന്റെ അസൂത്രണമില്ലാതെയുള്ള നടപടികളാണ് സാമ്പത്തിക ബാധ്യത വരുത്തുന്നതെന്നാണ് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ഡി.എ വിഷയത്തിൽ കോടതിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിൽ സാമ്പത്തിക സ്ഥിതി മോശമാണെന്ന് കെ.എസ്.ഇ.ബി പറഞ്ഞിരുന്നില്ല. ഡി.എ നൽകാനാവില്ലെന്ന നിലപാടും വ്യക്തമാക്കിയിരുന്നില്ല. തിരുമാനമെടുക്കാമെന്ന സൂചന നൽകുന്ന സമീപനം സ്വീകരിക്കുകയും ബോർഡ് ചേർന്ന് ഡി.എ നൽകേണ്ടെന്ന് തീരുമാനിക്കുകയുമായിരുന്നു. ഇൗ സാഹചര്യത്തിലാണ് കോടതിയലക്ഷ്യമടക്കം നിയമപോരാട്ടത്തിലേക്ക് കാര്യങ്ങങ്ങൾ നീങ്ങുന്നത്. രണ്ടു ദിവസത്തിനകം ഹരജി നൽകിയേക്കും. ഡി.എ വിഷയത്തിൽ കെ.എസ്.ഇ.ബിയിലെ മറ്റു സംഘടനകളും തുടർന്ന് സ്വീകരിക്കേണ്ട നടപടികൾ ആലോചിച്ചുവരുകയാണ്. 2022 ജനുവരി മുതലുള്ള ഡി.എ കുടിശ്ശികയാണ് ജീവനക്കാർക്ക് വിതരണം ചെയ്യാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.