തിരുവനന്തപുരം: പ്രതിരോധത്തിന്റെ ഫ്രയിമുകളിൽ അതിജീവനത്തിന്റെയും ആർജവത്തിന്റെയും അടയാളപ്പെടുത്തലുകളായ ചിത്രങ്ങൾക്ക് നടുവിലൂടെ ആ പിതാവ് നടന്നു. മകൻ പകർത്തിയ കോവിഡ് കാലത്തെ വിഹ്വലമായ ഉത്തരേന്ത്യൻ കാഴ്ചകൾക്കും അഭയാർഥി ജീവിതങ്ങളുടെ 'നിസ്സഹായതകൾ'ക്കും പൗരത്വ സമരകാലത്തെ 'പ്രതിഷേധച്ചൂരുകളു'മെല്ലാം പിന്നിട്ട് ഉള്ളു പൊള്ളിക്കുന്ന ആ ചിത്രത്തിന് മുന്നിലെത്തിയപ്പോൾ അൽപമൊന്ന് നിന്നു, മകൻ ഡാനിഷ് സിദ്ദീഖിയുടെ പുഞ്ചിരിക്കുന്ന ചിത്രം മുന്നിൽ. സാവധാനം പോക്കറ്റിൽനിന്ന് മൊബൈൽ ഫോണെടുത്ത് കാമറ തുറന്ന് ഫോട്ടോഗ്രാഫറായ മകന്റെ ചിത്രം പകർത്തി. ആ വൈകാരിക നിമിഷങ്ങൾ പകർത്താൻ ചുറ്റിലും കാമറകളും. നിശാഗന്ധിയിൽ ആരംഭിച്ച അന്താരാഷ്ട്ര പ്രസ് ഫോട്ടോ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യാനാണ് അഫ്ഗാനിൽ കൊല്ലപ്പെട്ട റോയിട്ടേഴ്സ് ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദീഖിയുടെ പിതാവ് മുഹമ്മദ് അഖ്താർ സിദ്ദീഖി തലസ്ഥാനത്തെത്തിയത്. ഓഡിറ്റോറിയത്തിന്റെ ആദ്യഭാഗത്താണ് ഡാനിഷ് പകർത്തിയ ക്ലാസിക് ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. നാലരയോടെ ഇവിടേക്കെത്തിയ അഖ്താർ ഇതു മുഴുവൻ കണ്ട ശേഷമാണ് ഉദ്ഘാടന വേദിയിലേക്കു കടന്നത്. പതിവ് രീതികളിൽനിന്ന് വ്യത്യസ്തമായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ഡൽഹിയിലെ പൗരത്വപ്രക്ഷോഭത്തിനിടെ ഡാനിഷ് സിദ്ദീഖി, പകർത്തിയ, ആൾക്കൂട്ടം സമരക്കാരനെ വളഞ്ഞിട്ടാക്രമിക്കുന്ന ചിത്രം മുഹമ്മദ് അഖ്താർ കാമറയിൽ പകർത്തിയായിരുന്നു ഉദ്ഘാടനം. താനൊരു ഫോട്ടോജേണലിസ്റ്റല്ലെന്നും എന്നാൽ, മകന്റെ പേരിൽ താൻ അഭിമാനിക്കുന്നെന്നും മുഹമ്മദ് അഖ്താർ പറഞ്ഞു. മനുഷ്യൻ നേരിടുന്ന വെല്ലുവിളികളെ ചിത്രങ്ങളിലൂടെ ലോകത്തെ അറിയിക്കാനാണ് ഡാനിഷ് ശ്രമിച്ചിരുന്നത്.
എത്ര പ്രയാസകരവും കഠിനവുമാണെങ്കിലും വസ്തുതകളും യാഥാർഥ്യങ്ങളും പകർത്താനും ജനങ്ങൾക്ക് മുന്നിലെത്തിക്കാനും അവൻ ഒരു മടിയും കാണിച്ചില്ല. അഭയാർഥികളുടെ ദയനീയ ജീവിതങ്ങൾക്ക് നേരെ ഡാനിഷ് കാമറ ലെൻസുകൾ തുറന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷതവഹിച്ചു. പന്ന്യൻ രവീന്ദ്രൻ, രാജാജി മാത്യു തോമസ്, കെ.പി. റെജി, ജോൺ മുണ്ടക്കയം, പി. മുസ്തഫ, ഡോ.ജി. രാജ്മോഹൻ, സുരേഷ് വെള്ളിമംഗലം, കെ. കല, അനുപമ ജി. നായർ എന്നിവർ പങ്കെടുത്തു. പ്രദർശനം 14നു സമാപിക്കും. ലോക കേരള മാധ്യമസഭയുടെ ഭാഗമായി കേരള മീഡിയ അക്കാദമിയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.