ജനമൈത്രി എം ബീറ്റ് വഴി വിവരശേഖരണം; പൗരത്വ ഭേദഗതിനിയമവുമായി ബന്ധമില്ല -പൊലീസ്

തിരുവനന്തപുരം: ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി പൊലീസ് നടപ്പാക്കുന്ന മൊബൈൽ ബീറ്റ് (എം ബീറ്റ്) സംവിധാനത്തെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെടുത്തി വ്യാപകമായി ദുഷ്പ്രചരണം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി പൊലീസ്. എം ബീറ്റിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കുപ്രചരണങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ജനമൈത്രി സുരക്ഷാപദ്ധതിയുടെ സംസ്ഥാനതല നോഡൽ ഓഫീസറും ക്രൈംബ്രാഞ്ച് മേധാവിയുമായ എ.ഡി.ജി.പി എസ്. ശ്രീജിത്ത് അറിയിച്ചു.

പൊലീസിന്‍റെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് ജനങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ മനസിലാക്കുകയാണ് എം ബീറ്റ് അഥവാ മൊബൈൽ ബീറ്റ് പദ്ധതിയുടെ ലക്ഷ്യം. അങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ജനമൈത്രി സമിതികളുമായി കൂടിയാലോചിച്ച് ക്രമസമാധാനപാലനം അടക്കമുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

ജനങ്ങളിൽ നിന്ന് നിർബന്ധപൂർവ്വം യാതൊരു വ്യക്തിഗത വിവരങ്ങളും അവരുടെ സമ്മതമില്ലാതെ സ്വീകരിക്കുന്നതല്ല. സ്ഥിരം കുറ്റവാളികളുടെ പട്ടിക തയ്യാറാക്കുന്നതിനും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി താമസിച്ച് തീവ്രവാദം പോലുള്ള പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവരെ വളരെ വേഗം കണ്ടെത്തുന്നതിനും വിവരശേഖരണം സഹായിക്കും. പൊതുസമൂഹത്തിന്‍റെ നന്മയ്ക്കായി ആവിഷ്കരിക്കുന്ന ഇത്തരം പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹായ സഹകരണങ്ങൾ എ.ഡി.ജി.പി.എസ് ശ്രീജിത്ത് അഭ്യർഥിച്ചു.

കേരളാ പൊലീസ് ആക്റ്റിലെ 64, 65 വകുപ്പുകള്‍ പ്രകാരം നിയമസാധുതയുള്ള സംവിധാനമാണ് ജനമൈത്രി സുരക്ഷാപദ്ധതി. ഇതിന്‍റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്ന പ്രധാനപ്പെട്ട പ്രവർത്തനമാണ് ജനമൈത്രി ബീറ്റ്. പൊലീസ് സ്റ്റേഷൻ പരിധിയിൽ നിശ്ചിത ശതമാനം വീടുകൾ അടങ്ങിയ പ്രദേശം ഒരു യൂണിറ്റായി കണക്കാക്കി ജനമൈത്രി ബീറ്റുകളായി വിഭജിച്ചിട്ടുണ്ട്. ബീറ്റ് ഉദ്യോഗസ്ഥർ തന്‍റെ പരിധിയിലെ ഓരോ വീട്ടിലെയും ഒരംഗത്തിനെ എങ്കിലും വ്യക്തിപരമായി അറിയാൻ ശ്രമിക്കും. ബീറ്റ് പ്രദേശത്തെ എല്ലാ റോഡും ഇടവഴികളും പോലും ബീറ്റ് ഓഫീസർക്ക് സുപരിചിതമായിരിക്കും. മുൻകാലങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ ഏരിയയിൽ സൂക്ഷിച്ചിട്ടുള്ള ഉള്ള ബീറ്റ് ബുക്ക്, പട്ട ബുക്ക് എന്നിവയില്‍ സന്ദർശനവിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനമൈത്രി സംവിധാനം കൂടുതൽ കാര്യക്ഷമമായപ്പോൾ വിവരങ്ങൾ കൃത്യമായി ശേഖരിക്കുന്നതിന് എം ബീറ്റ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിവരികയാണെന്നും എ.ഡി.ജി.പി.എസ് ശ്രീജിത്ത് കൂട്ടിച്ചേർത്തു. 

Tags:    
News Summary - Data collection by Janamaithri M Beat; Not related to the Citizenship Amendment Act -Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.