മലപ്പുറം: ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ ആധികാരിക ശബ്ദമായിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗം ഇന്ത്യന്‍ മതേതരത്വത്തിന് തീരാനഷ്ടമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഭരണഘടനക്ക് ഭീഷണിയാകുന്ന ബി.ജെ.പി ഭരണകൂടത്തെ തകര്‍ക്കാന്‍ അദ്ദേഹം കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു.
കോണ്‍ഗ്രസ് ശക്തിപ്പെടണമെന്നും ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിനായി കോണ്‍ഗ്രസിന് ആവശ്യമായ പിന്‍ബലം മതേതരകക്ഷികള്‍ നല്‍കണമെന്നുമുള്ള ദീര്‍ഘവീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നെന്നും സാദിഖലി തങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവെച്ച് കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്‍റെ പൂർണരൂപം
വര്‍ത്തമാനകാല ഇന്ത്യയില്‍ ഇടത്പക്ഷ രാഷ്ട്രീയത്തിന്‍റെ ഏറ്റവും ആധികാരിക ശബ്ദമായിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗം ഇന്ത്യന്‍ മതേതരത്വത്തിന് തീരാ നഷ്ടമാണ്.
ജനാധിപത്യ, മതേതര മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന രാഷ്ട്രീയമായിരുന്നു അദ്ദേഹത്തിന്‍റേത്. ഇന്ത്യയുടെ ഭരണഘടനക്ക് ഭീഷണിയാകുന്ന ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണകൂടത്തെ തകര്‍ക്കാന്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു.
കോണ്‍ഗ്രസ് ശക്തിപ്പെടണമെന്നും ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിനായി കോണ്‍ഗ്രസിന് പിന്‍ബലം നല്‍കണമെന്നുമുള്ള രാഷ്ട്രീയ ദീര്‍ഘവീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു.
ദല്‍ഹിയില്‍ പോകുമ്പോഴും ഇന്ത്യാ മുന്നണിയുടെ യോഗങ്ങളിലും അദ്ദേഹവുമായി അടുത്തിടപെടാന്‍ അവസരമുണ്ടായി.
ആ സമയത്തെല്ലാം ഒരു ജ്യേഷ്ഠ സഹോദരനെ പോലെയായിരുന്നു പെരുമാറ്റം.
ന്യൂനപക്ഷ രാഷ്ട്രീയത്തെ അങ്ങേയറ്റം ബഹുമാനിച്ചിരുന്നു. പ്രത്യേകിച്ച് മുസ്ലിം ലീഗിന്‍റെ ഇടപെടലുകള്‍ സംബന്ധിച്ചും പ്രാധാന്യത്തെ കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു.
പാണക്കാട് കുടുംബവുമായും അദ്ദേഹം വ്യക്തിബന്ധം കാത്തുസൂക്ഷിച്ചു. ദല്‍ഹിയില്‍ കെ.എം.സി.സിയും മുസ്ലിംലീഗും വിളിക്കുന്ന യോഗങ്ങളില്‍ താത്പര്യപൂര്‍വം പങ്കെടുത്തിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയത്തെ കുറിച്ചും അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. കേരള രാഷ്ട്രീയത്തില്‍ മുസ്ലിംലീഗിന്‍റെ സ്വാധീനവും പ്രാധാന്യവും തിരിച്ചറിഞ്ഞ അദ്ദേഹം അതേകുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
ഉള്‍ക്കൊള്ളലിന്‍റെ രാഷ്ട്രീയം പറയുകയും ഇന്ത്യയിലെ ജനാധിപത്യ, മതേതര സംരക്ഷണത്തിന്‍റെ മുന്നണിപ്പോരാളിയാകുകയും ചെയ്ത സീതാറാം യെച്ചൂരിയുടെ വിയോഗം ഇന്ത്യയിലെ ഇടത്പക്ഷത്തിന് മാത്രമല്ല മുഴുവന്‍ മതേതര ചേരിക്കും വിലപ്പെട്ട നഷ്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.