വിജിലന്‍സില്‍ വികേന്ദ്രീകൃത ഭരണം പാളുന്നു

തിരുവനന്തപുരം: വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയില്‍ ഏര്‍പ്പെടുത്തിയ വികേന്ദ്രീകൃത ഭരണസംവിധാനം പാളുന്നു. അഴിമതിക്കേസുകളുടെ അന്വേഷണം ഡയറക്ടറില്‍ കേന്ദ്രീകരിക്കാതെ ഉദ്യോഗസ്ഥര്‍ തന്നെ ശരിതെറ്റുകള്‍ കണ്ടത്തെി തീര്‍പ്പാക്കണമെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് വികേന്ദ്രീകരണം നടപ്പാക്കിയത്. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥന്‍ യൂനിറ്റ് മേധാവിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറുകയും ലീഗല്‍ അഡൈ്വസറുടെ അഭിപ്രായംകൂടി ആരാഞ്ഞ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമാണ് ചെയ്യുന്നത്. ഉന്നതര്‍ ഉള്‍പ്പെട്ട പ്രമാദമായ കേസുകള്‍ മാത്രമേ ഡയറക്ടറേറ്റില്‍ എത്താറുള്ളൂ.

ഈ സാഹചര്യം ദുരുപയോഗം ചെയ്യുന്നതായാണ് ആക്ഷേപം. അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പല യൂനിറ്റ് മേധാവിമാരും പരിശോധിക്കുന്നില്ല. തെക്കന്‍മേഖലയിലെ ഒരു എസ്.പിക്കെതിരെ ഇതുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങളാണുയര്‍ന്നിട്ടുള്ളത്. പലരും ഫയല്‍ പഠിക്കാതെ ഒപ്പിട്ട് കൈമാറുന്നത് പതിവാണ്. റിപ്പോര്‍ട്ടുകള്‍ ഡയറക്ടറേറ്റില്‍ പോകാത്തതിനാലാണ് ഉദ്യോഗസ്ഥര്‍ നിസ്സംഗരാകുന്നതത്രെ.

ഇത് അന്വേഷണത്തിന്‍െറ നിലവാരം കുറയ്ക്കുന്നതായും ഭാവിയില്‍ ഗുരുതര പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും നിയമവിഭാഗം പറയുന്നു. പല കേസുകളിലും അന്വേഷണം വഴിപാടായി മാറുന്നതും പതിവാണ്.

ചില കേസുകളില്‍ ഏതാനും പേജുകളില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്ന സാഹചര്യവുമുണ്ടായി. ക്രൈംബ്രാഞ്ചിലും മറ്റും അന്വേഷണ റിപ്പോര്‍ട്ടുകള്‍ ആസ്ഥാനത്തേക്ക് കൈമാറുകയും അവ പലതലങ്ങളില്‍ സൂക്ഷ്മപരിശോധന നടത്തുകയും ചെയ്തിട്ടാണ് അന്തിമതീരുമാനം കൈക്കൊള്ളുന്നത്. ഇതേരീതിയാണ് വിജിലന്‍സിനും അഭികാമ്യമെന്നും വിലയിരുത്തപ്പെടുന്നു. ഉപേന്ദ്രവര്‍മ വിജിലന്‍സ് മേധാവിയായിരിക്കെ വികേന്ദ്രീകരണ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ താഴത്തെട്ടിലെ ഉദ്യോഗസ്ഥര്‍ വ്യാപകമായി പണപ്പിരിവ് നടത്തി അന്വേഷണങ്ങള്‍ അട്ടിമറിച്ചു. തുടര്‍ന്ന് അദ്ദേഹം തന്നെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

Tags:    
News Summary - decentralized administration in vigilance get failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.