കോട്ടയം: എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസിനെതിെര ഗവര്‍ണര്‍ക്ക് പരാതി നൽകാനെത്തിയ വിദ്യാർഥിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദലിത് വിദ്യാര്‍ഥി ആയതിനാല്‍ ഗവേഷണം പൂര്‍ത്തിയാക്കാന്‍ വി.സി അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഗവർണർക്ക് പരാതി നൽകാനെത്തിയതായിരുന്നു നാനോ സയൻസിലെ ഗവേഷക വിദ്യാർഥിനി ദീപ പി. മോഹൻ. അതിനിടെയാണ് ഗവർണറുടെ സുരക്ഷക്കായി എത്തിയ പൊലീസ് അവരെ കസ്റ്റഡിയില്‍ എടുത്തത്.
മാര്‍ക്ക്ദാന വിവാദത്തിെൻറ പശ്ചാത്തലത്തിൽ വി.സി അടക്കമുള്ളവരില്‍നിന്ന് നേരിട്ട് വിശദീകരണം തേടാനാണ് ഗവർണർ വെള്ളിയാഴ്ച സർവകലാശാലയിലെത്തിയത്. രാവിലെ 10ന് കെമിക്കല്‍ സയന്‍സ് ഓഡിറ്റോറിയത്തിന് മുന്നിലെത്തിയ ദീപയെ അകേത്തക്ക് പൊലീസ് കയറ്റിവിട്ടില്ല. ഗവര്‍ണറെ കാണാന്‍ പുറത്ത് കാത്തുനില്‍ക്കുന്നതിനിടെയാണ് ഒരു പ്രകോപനവും കൂടാതെ കസ്റ്റഡിയിൽ എടുത്തത്. വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
10 വര്‍ഷത്തിലധികമായി നാനോ ടെക്നോളജിയില്‍ ഗവേഷണം നടത്തിവരുകയാണ് കണ്ണൂര്‍ സ്വദേശിനിയായ ദീപ. ഗവേഷണം ഇത്ര നീണ്ടത് നാനോ ടെക്നോളജി മേധാവിയും ഇപ്പോഴത്തെ വി.സിയുമായ സാബു തോമസ് കാരണമാണെന്നാണ് ദീപ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ദീപ നല്‍കിയിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ദീപയെ കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.