വടകര: മേപ്പയ്യൂർ കൂനംവെള്ളികാവിൽനിന്നു കാണാതായി ഗോവയിൽ കണ്ടെത്തിയ ദീപക്കിനെ അന്വേഷണസംഘം വടകര ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്തിച്ചു. വെള്ളിയാഴ്ച വിഡിയോ കോൺഫറൻസ് വഴി ഹൈകോടതിക്ക് മുമ്പാകെ ഹാജരാക്കും.
ദീപക്കിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മാതാവ് ശ്രീലത ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഹൈകോടതിയിൽ ഹാജരാക്കുന്നത്. കോഴിക്കോട് ലീഗൽ സർവിസ് അതോറിറ്റിയുടെ സാന്നിധ്യത്തിൽ വിഡിയോ കോൺഫറൻസ് വഴി ഹൈകോടതിയിൽ ഹാജരാക്കിയശേഷം ബന്ധുക്കളോടൊപ്പം വിട്ടയക്കും.
ഡിവൈ.എസ്.പി ആർ. ഹരിദാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ മോഹനകൃഷ്ണൻ, കെ.പി. രാജീവൻ, വി.കെ. രാജീവൻ, സീനിയർ സി.പി.ഒമാരായ വി.വി. ഷാജി, സുരേഷ് കാരയാട് എന്നിവരാണ് ഗോവയിൽനിന്ന് ദീപക്കിനെ വടകരയിൽ എത്തിച്ചത്.
2022 ജൂൺ ഏഴിനാണ് വടക്കേടത്ത് ദീപക്കിനെ കാണാതായത്. 12 ദിവസം കഴിഞ്ഞാണ് ബന്ധുക്കൾ മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മാതാവ് ശ്രീലത ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്തതോടെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെ കൊയിലാണ്ടി കാപ്പാട് ബീച്ചിൽനിന്നു അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. ഇത് ദീപക്കിന്റെതാണെന്ന് കരുതി ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടിൽ സംസ്കരിച്ചു. എന്നാൽ, ഡി.എൻ.എ പരിശോധനയിൽ ദീപക്കിന്റെതല്ലെന്ന് വ്യക്തമായി. പന്തിരിക്കരയിൽനിന്നു സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദിന്റെതാണ് മൃതദേഹമെന്ന് പിന്നീട് വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.