കോട്ടയം: മുസ്ലിം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹങ്ങളിൽ ആശങ്കയുണ്ടെന്ന് ദീപിക ദിനപത്രത്തിൽ മുഖപ്രസംഗം. ഈ ആശങ്ക ക്രൈസ്തവർക്കുമാത്രമല്ലെന്നും 'കോടഞ്ചേരി ഉയർത്തുന്ന ചോദ്യങ്ങൾ' തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗം പറയുന്നു.
പ്രണയിച്ചവരെ ഒന്നിപ്പിക്കണമെന്നും ഇതിനെ ലവ് ജിഹാദെന്നു മുദ്രകുത്തി ചിലർ മതസൗഹാർദ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്നുമൊക്കെയാണ് സി.പി.എം ഉൾപ്പെടെ ചില രാഷ്ട്രീയ പാർട്ടികളും സംഘടനകളും ചില മാധ്യമങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നത്. സ്വന്തം മകളുടെയോ സഹോദരിയുടെയോ കാര്യമല്ലെങ്കിലും അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. അതേസമയം, ആ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അവളുടെ ഭാവി സുരക്ഷിതമാക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമൊന്നുമില്ലേ? അവർക്ക് സ്വന്തം മകളോട് ഒന്നു സംസാരിക്കാൻപോലും അവസരം കൊടുക്കാതെ ദുരൂഹസാഹചര്യത്തിൽ കൊണ്ടുപോകുന്നതാണോ മതേതരത്വം? പ്രഫഷനൽ കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതര മതസ്ഥരായ പെൺകുട്ടികളെ വർഗീയതയിലേക്കും തീവ്രവാദത്തിലേക്കും ആകർഷിക്കാൻ തീവ്രവാദ സംഘടനകൾ ശ്രമിക്കുന്നുണ്ടെന്ന പാർട്ടി രേഖയെക്കുറിച്ച് സി.പി.എം നേതാവ് പറഞ്ഞത് പുതിയ കാര്യമല്ല. ലവ് ജിഹാദ് ഇല്ലെന്ന് പറയുന്ന സി.പി.എമ്മിനുപോലും തീവ്രവാദികളുടെ നീക്കങ്ങളെക്കുറിച്ച് ഭയമുണ്ട്.
മുസ്ലിം യുവാക്കളെ വിവാഹം കഴിച്ച് ഐ.എസിൽ ചേർന്ന് അഫ്ഗാനിസ്താനിലെ ജയിലിൽ കഴിയുന്ന സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെക്കുറിച്ചൊക്കെ മലയാളികൾ ധാരാളം കേട്ടിട്ടുണ്ട്. ഇവരുടെ മാതാപിതാക്കളെ സഹായിക്കാൻ മതേതര രാഷ്ട്രീയ പാർട്ടികളെയോ പുരോഗമനവാദികളെയോ ഇതുവരെ കണ്ടിട്ടുമില്ല. ഹൈന്ദവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങളിലെ എല്ലാ നല്ല മനുഷ്യരും ഒന്നിച്ചുചിന്തിക്കേണ്ട കാര്യമാണിത്. അല്ലാത്തപക്ഷം, ഇസ്ലാമിക തീവ്രവാദ സംഘടനകൾ ഉയർത്തുന്ന ഭീഷണിക്ക് മുസ്ലിം സമുദായത്തിലെ നിരപരാധികൾ പഴികേൾക്കേണ്ട സാഹചര്യമുണ്ടാകും. ജോസ്നയുടെ വിഷയത്തിൽ സംശയങ്ങൾ പരിഹരിക്കുകയും ദുരൂഹതയുടെ മറ നീക്കുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ നിസ്സഹായരായ മാതാപിതാക്കളെയും ബന്ധുക്കളെയും മതേതരത്വത്തിന്‍റെയോ മതസൗഹാർദത്തിന്‍റെയോ പേരുപറഞ്ഞ് ഭയപ്പെടുത്തുകയല്ല വേണ്ടതെന്നും മുഖപ്രസംഗം ഓർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.