‘ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങളെ കേന്ദ്ര സർക്കാർ നിസാരവൽകരിക്കുന്നു, ഏറ്റവും കൂടുതൽ അക്രമം യു.പിയിൽ’; രൂക്ഷ വിമർശനവുമായി ദീപിക

ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങളിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സഭ ദിനപത്രം. 2022 ജനുവരി മുതൽ ജൂലൈ വരെ 302 അക്രമങ്ങളാണ് ഇന്ത്യയിലുണ്ടായതെന്ന് ക്രൈസ്തവ പീഡനം: മുഖംമൂടിയഴിക്കുന്ന കണക്കുകൾ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിൽ ദീപിക ചൂണ്ടിക്കാട്ടുന്നു.

2021ൽ 505 ആക്രമണങ്ങൾ നടന്നു. കോടതി വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ഹെൽപ് ലൈൻ നമ്പരിലൂടെ സമാഹരിച്ച കണക്കാണെന്ന് പറഞ്ഞ് നിസാരവൽകരിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ ഇരകളെ ഉൾപ്പെടെ ഫോണിൽ വിളിച്ച് ഉറപ്പാക്കി തയാറാക്കിയ റിപ്പോർട്ടിലാണ് കേന്ദ്രത്തിന് സംശയം. മഹാത്മ ഗാന്ധി മുതൽ ഷാരൂഖ് ഖാൻ വരെ ക്രൈസ്തവ സ്ഥാപനങ്ങളിലാണ് വിദ്യാഭ്യാസം നേടിയത്. ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ സംഭാവകൾ വേറെയുണ്ട്. എന്നിട്ടും മതംമാറ്റുന്നുവരെന്ന ആരോപണമാണ് സമുദായത്തിന് അഭിമുഖീകരിക്കേണ്ടി വരുന്നത്.

രാജ്യത്ത് ക്രൈസ്തവർ ഏറ്റവും കൂടുതലായി ആക്രമിക്കപ്പെടുന്നത് ഉത്തർപ്രദേശിലാണ്. മിക്കവാറും അക്രമസംഭവങ്ങളിൽ പ്രതിസ്ഥാനത്തുള്ള സംഘ്പരിവാർ സംഘടനകൾക്ക് അനുകൂല നിലപാടാണ് ബി.ജെ.പി സർക്കാരുകൾ കോടതികളിൽ സ്വീകരിച്ചു വരുന്നത്. ക്രൈസ്തവർക്കെതിരെയുള്ള പീഡനങ്ങളുടെയും നിർബന്ധിത മതപരിവർത്തനത്തിന്‍റെയൊക്കെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാന സർക്കാരുകളുമൊക്കെ കൊടുക്കുന്ന മറുപടിയെ അടിസ്ഥാനമാക്കി മാത്രമേ സുപ്രീംകോടതിക്ക് വിധി പറയാനാകൂ. സർക്കാരുകൾ ഇരകൾക്കൊപ്പമല്ലെങ്കിൽ ധർമസംസ്ഥാപനം അത്യന്തം ദുഷ്കരമോ അസാധ്യമോ ആയേക്കാം. മതഭ്രാന്ത് നാടുവാഴുമ്പോൾ സർക്കാരുകളും പൗരന്മാരും നിശബ്ദരാകരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

Tags:    
News Summary - Deepika Daily against the central government in violence against Christians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.