കൊച്ചി: ചേരാനല്ലൂരിൽ ഏഴു വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിന്‍റെ ആധികാരികത അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് ഹൈകോടതി. തനിക്കെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസ് വ്യാജമാണെന്ന് ജാമ്യഹരജി പരിഗണിക്കുന്നതിനിടെ പ്രതി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ജസ്റ്റിസ് പി. ഗോപിനാഥ് ചേരാനല്ലൂർ പൊലീസിന് നിർദേശം നൽകിയത്.
കൂടെ താമസിക്കുന്ന യുവതിയുടെ കുട്ടിയെ ഹരജിക്കാരൻ പീഡിപ്പിച്ചെന്നാണ് പരാതി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. എന്നാൽ, പീഡനത്തിനിരയായ കുട്ടിയുടെ പിതാവാണ് വ്യാജ കേസിന് പിന്നിലെന്നും ഇതിന് തെളിവായി ടെലിഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും ജാമ്യഹരജി പരിഗണിക്കവെ പ്രതി അറിയിച്ചു.
ഏഴ് വയസ്സുകാരന്റെ മാതാപിതാക്കൾ വിവാഹമോചനത്തിന് സംയുക്ത അപേക്ഷ നൽകിയിട്ടുണ്ട്. കുട്ടിയുടെ കസ്റ്റഡി വിട്ടുകിട്ടാൻ ഇവർ തമ്മിൽ തർക്കവുമുണ്ട്. ഇതിൽ അനുകൂല വിധിക്കായാണ് തനിക്കെതിരെ വ്യാജക്കേസ് ഉണ്ടാക്കിയത്. കുട്ടിയുടെ കസ്റ്റഡി വിട്ടുതരില്ലെന്നും ഭാര്യയെയും ഹരജിക്കാരനെയും പോക്സോ കേസിൽ കുടുക്കുമെന്നും ഭർത്താവ് മൊബൈലിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. ഭാര്യ റെക്കോർഡ് ചെയ്ത് സൂക്ഷിച്ച ഈ സംഭാഷണങ്ങൾ പ്രതി കോടതിയിൽ ഹാജരാക്കി.
തുടർന്നാണ് ഫോൺ സംഭാഷണത്തിന്റെ രേഖകൾ പൊലീസിന് കൈമാറാനും ഇക്കാര്യത്തിൽ വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും ഹൈകോടതി നിർദേശിച്ചത്. തുടർന്ന് ഹരജി ഏപ്രിൽ ഏഴിന് വീണ്ടും പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.