തിരുവനന്തപുരം: വിവാദങ്ങൾക്കിടെ കേരള സർവകലാശാലയുടെ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ അനധികൃതമായി കൂട്ടിയെഴുതിയ മാർക്കുകൾ നീക്കംചെയ്യാൻ തീരുമാനിച്ചു. ഇതിനുപുറമെ, പാസ്സായ 37 പേരുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ റദ്ദാക്കാനും കേരള സർവകലാശാല നീക്കം ആരംഭിച്ചു. മൂന്നുവർഷം മുമ്പ് വ്യാജ പാസ്സ്‌വേഡ് ഉപയോഗിച്ച് പ്രൊഫൈലിൽ തിരിമറി നടത്തിയ സംഭവത്തിലാണ് നടപടി. ഡോ. മോഹൻ കുന്നുമേലിന്റെ അധ്യക്ഷതയിൽ ചേർന്ന കേരള സിൻഡിക്കേറ്റിന്റേതാണ് തീരുമാനം.
ഇതോടൊപ്പം, ഗ്രേസ് മാർക്ക് ഉൾപ്പടെ 600 വിദ്യാർഥികൾക്ക് അനർഹമായി വർധിപ്പിച്ച് നൽകിയ മാർക്ക് അവരുടെ പ്രൊഫൈലിൽ നിന്ന് നീക്കം ചെയ്യും. മാർക്ക് തിരിമറിയുമായി ബന്ധപ്പെട്ട് ഒരു സെക്ഷൻ ഓഫീസറെ സർവീസിൽ നിന്ന് സർവകലാശാല നേരത്തെ പിരിച്ചുവിട്ടിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് അധികൃതർ പൊലീസിന് കൃത്യമായ വിവരങ്ങൾ നൽകുകയോ വ്യാജ ഫലം റദ്ദാക്കാനുള്ള നിർദേശങ്ങൾ പരീക്ഷ വിഭാഗത്തിന് നൽകുകയോ ചെയ്തിരുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുകയാണ്.
ഗ്രേസ് മാർക്ക് തിരുത്തി വിജയിപ്പിച്ച ഒരു വിദ്യാർഥിക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകണമെന്ന ഹൈകോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ യൂണിവേഴ്സിറ്റി സ്റ്റാൻഡിങ് കോൺസലിന് വി.സി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, തിരിമറിയിലൂടെയാണ് ഗ്രേസ് മാർക്ക് നേടിയതെന്ന വിവരം കോടതിയിൽ ബോധിപ്പിക്കാത്തതുകൊണ്ട് വിധിക്കെതിരെ അപ്പീൽ നൽകാൻ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.