കൊച്ചി: ആയുർവേദ വിദ്യാർഥിനിയായിരുന്ന വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലത്ത് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിലെ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺകുമാറിന്‍റെ തടവ് ശിക്ഷ തുടരും. 10 വർഷം കഠിനതടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച കൊല്ലം അഡീഷനൽ സെഷൻസ് കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീൽ തീർപ്പാകും വരെ ശിക്ഷ മരവിപ്പിച്ച് ജാമ്യത്തിൽ വിടണമെന്ന കിരൺ കുമാറിന്‍റെ ഹരജി ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് തള്ളി.
നിലമേൽ കൈത്തോട് സ്വദേശിനിയായ വിസ്മയയെ 2021 ജൂൺ 21നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സ്ത്രീധന പീഡനം, ഗാർഹിക പീഡന നിരോധന നിയമം, ആത്മഹത്യ പ്രേരണക്കുറ്റവും തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കിരൺ കുമാറിനെതിരെ കേസെടുക്കുകയായിരുന്നു. എന്നാൽ, വേണ്ടത്ര തെളിവില്ലാതെയാണ് തന്നെ ശിക്ഷിച്ചതെന്നാണ് കിരൺകുമാർ ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. താനുമായി സാധാരണ വിവാഹ ബന്ധമാണ് പുലർത്തിയിരുന്നതെന്നും സ്ത്രീധനം താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് തനിക്കെതിരെ തെളിവായി ഉപയോഗിച്ച ഫോൺ കാളുകളിൽ തന്നെ വ്യക്തമാണെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ആത്മഹത്യ ചെയ്ത വിസ്മയ ഭർതൃവീട്ടിൽ ഭർത്താവിന്‍റെ ക്രൂരതക്ക് ഇരയായതിന് സാക്ഷിമൊഴികളും രേഖകളും തെളിവായി ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭാര്യയെ ഉപദ്രവിക്കുന്നതിന്‍റെ പേരിൽ പലവട്ടം മകന് താക്കീത് നൽകിയതായി സ്വന്തം പിതാവിന്‍റെ മൊഴിയുണ്ട്. സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ തിരികെ കൊണ്ടുവന്ന ശേഷം അവർ തമ്മിൽ വഴക്കുണ്ടായിട്ടില്ലെന്നും അതിനാൽ മരണ കാരണം അതല്ലെന്നുമാണ് പിതാവിന്‍റെ മൊഴി. എന്നാൽ, മാർച്ച് 17ന് വീട്ടിൽ തിരിച്ചെത്തിയ ശേഷവും പീഡനം നടന്നതിന് തെളിവുള്ളതിനാൽ വാദം നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കുട്ടിയെ വേണമെന്ന ആഗ്രഹം നടക്കാത്തതിനാലും ഭർതൃവീട്ടിലേക്ക് താൻ പോയത് സ്വന്തം അച്ഛൻ ഇഷ്ടപ്പെടാത്തതിന്‍റെയും വേദനയിൽ ആത്മഹത്യ ചെയ്തുവെന്ന പ്രതിയുടെ എന്ന വാദം അവിശ്വസനീയമാണ്.
സ്ത്രീധനത്തിന്‍റെ പേരിൽ ഭർതൃവീട്ടിൽ പീഡിപ്പിക്കപ്പെടുന്നതും ഇത് താങ്ങാനാവാതെ സ്ത്രീകൾ ആത്മഹത്യ ചെയ്യുന്നതും കൂടിവരുകയാണ്. അതിനാൽ, കുറ്റകൃത്യത്തിന്‍റെ സ്വഭാവവും ഗൗരവവും അത് സമൂഹത്തിലുണ്ടാക്കിയ ആഘാതവും പരിഗണിക്കുമ്പോൾ വിസ്മയ കേസിലെ ശിക്ഷ മരവിപ്പിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. വസ്തുതകൾ പരിഗണിക്കുമ്പോൾ കീഴ്കോടതി ഉത്തരവിൽ പ്രഥമദൃഷ്ട്യാ അപാകതകളില്ലെന്ന് വിലയിരുത്തിയ കോടതി ഹരജി തള്ളുകയായിരുന്നു. കിരൺ കുമാറിന്‍റെ അപ്പീലിനൊപ്പം ശിക്ഷ വർധിപ്പിക്കാനുള്ള വിസ്മയയുടെ പിതാവ് നൽകിയ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.