തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിക്കേസുകൾ കുതിക്കുന്നു. കഴിഞ്ഞദിവസം 127 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് 41 പേർക്കും കൊല്ലത്ത് 28 പേർക്കും തൃശൂരിൽ 23 പേർക്കുമാണ് രോഗബാധ. മലപ്പുറത്ത് 10 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുപുറെമ സംസ്ഥാനത്താകെ 298 പേർ രോഗബാധ സംശയവുമായി ചികിത്സ തേടിയിട്ടുണ്ട്. 66 പേർ ചികിത്സയിലുള്ള എറണാകുളമാണ് ഇക്കാര്യത്തിൽ മുന്നിൽ. തൃശൂരിൽ 58 ഉം മലപ്പുറത്ത് 33 ഉം പേർ ചികിത്സയിലുണ്ട്.
ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ സംസ്ഥാനത്ത് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പനിയുടെ ആരംഭത്തിൽതന്നെ ചികിത്സ ഉറപ്പാക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശം. കാലാവസ്ഥ മാറിയതാണ് ഡെങ്കിപ്പനിപ്പകർച്ചയുടെ പ്രധാന കാരണം.
മഴക്കാലം ആരംഭിച്ചതോടെയാണ് പലയിടത്തും ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയത്. ആശങ്കയുയർത്തി സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ബാധിത മേഖലകൾ (ഹോട്ട് സ്പോട്ട്) ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ ഹോട്ട് സ്പോട്ടുകൾ. സാധാരണ ഡെങ്കിപ്പനി (ക്ലാസിക് ഡെങ്കി ഫീവര്‍), രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി (ഡെങ്കി ഹെമറേജിക് ഫീവര്‍), ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി (ഡെങ്കി ഷോക്ക് സിന്‍ഡ്രോം) എന്നിങ്ങനെ മൂന്നുതരം ഡെങ്കികേസുകളാണ്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ കൂടുതലും അധികം ഭീഷണിയാവാത്ത സാധാരണ ഡെങ്കിപ്പനിയാണ്.
സംസ്ഥാനത്ത് 11 പേർക്കാണ് കഴിഞ്ഞദിവസം എലിപ്പനി സ്ഥിരീകരിച്ചത്. തൃശൂരിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. കൊല്ലത്ത് മൂന്നും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിൽ രണ്ടുവീതവും കേസുകളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്താകെ 15 പേർ രോഗബാധ സംശയവുമായി ചികിത്സ തേടിയിട്ടുണ്ട്.
ആറുപേർക്കാണ് കഴിഞ്ഞദിവസം എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. മരണകാരണം എച്ച് 1 എൻ 1 എന്ന് സംശയിക്കുന്ന മരണവും വെള്ളിയാഴ്ചയുണ്ടായി. ചിക്കൻപോക്സ് കേസുകളും വർധിക്കുന്നുണ്ട്. വെള്ളിയാഴ്ച 61 പേർക്കാണ് രോഗം കണ്ടെത്തിയത്. ജൂലൈയിൽ ഇതുവരെ 350 കേസുകളും.
സംസ്ഥാനത്താകെ 11,418 പേരാണ് വൈറൽപനി ബാധയുമായി ചികിത്സ തേടിയത്. മലപ്പുറത്താണ് കൂടുതൽ, 2164. കോഴിക്കോട് 1318 ഉം തിരുവനന്തപുരത്ത് 1142 ഉം എറണാകുളത്ത് 943 ഉം പാലക്കാട് 914 ഉം കണ്ണൂർ 891 ഉം പേർ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. 244 പേരാണ് വെള്ളിയാഴ്ച സംസ്ഥാനത്താകെ കിടത്തിചികിത്സക്ക് വിധേയമായത്.ജൂൺ അവസാനദിവസങ്ങളെ അപേക്ഷിച്ച് നിലവിൽ വൈറൽ പനി കേസുകളിൽ നേരിയ കുറവുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.