ഗവർണർക്കെതിരെ ദേശാഭിമാനിയും ജനയുഗവും

തിരുവനന്തപുരം: സർക്കാറിനെതിരെ ആക്ഷേപം ചൊരിഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സി.പി.എം, സി.പി.ഐ മുഖപ്പത്രങ്ങൾ. വിവാദ ജയിൻ ഹവാലയിലെ മുഖ്യപ്രതികളിലൊരാളാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് ആക്ഷേപിച്ച് ദേശാഭിമാനി ലേഖനം പ്രസിദ്ധീകരിച്ചപ്പോൾ ജനയുഗം മുഖപ്രസംഗത്തിൽ ഗവർണറെ ബ്ലാക്ക് മെയിൽ രാഷ്ട്രീയക്കാരനെന്ന് ആരോപിച്ചു.

സ്വന്തം നേട്ടങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള ആരിഫ് മുഹമ്മദ് ഖാെൻറ രാഷ്ട്രീയ ജീവിതത്തിൽ അഴിമതിയുടെ കളങ്കം ആവോളമുണ്ടെന്ന് ദേശാഭിമാനിയിലെ 'ജയിൻ ഹവാലയിലെ മുഖ്യപ്രതി' എന്ന ലേഖനം ആരോപിച്ചു. ജയിൻ ഹവാല ഇടപാടിൽ ഏറ്റവും കൂടുതൽ പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാവും ആരിഫ് മുഹമ്മദ് ഖാനാണ്. മുഖ്യപ്രതിയായ സുരേന്ദർ ജയിനിന്‍റെ കുറ്റസമ്മത മൊഴിയിലും സി.ബി.ഐ കുറ്റപത്രത്തിലും ആരിഫിന്‍റെ പങ്ക് എടുത്തുപറയുന്നു. 6.54 കോടി രൂപ ആരിഫിന് നൽകിയെന്നും പുസ്തകത്തെ ഉദ്ധരിച്ച് ലേഖനം ആരോപിക്കുന്നു.

'ആരിഫിന്‍റെ അടുത്ത സുഹൃത്തെന്നാണ് ജയിൻ മൊഴി നൽകിയത്. 1988 മേയ് മുതൽ 1991 ഏപ്രിൽ വരെ 7.62 കോടി ആരിഫിന് നൽകിയെന്നും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തെളിവുകളുണ്ടായിട്ടും ഉന്നത ഇടപെടലുകളെ തുടർന്ന് കേസ് അട്ടിമറിക്കപ്പെട്ടെന്നും ലേഖനം ആരോപിക്കുന്നു.

ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിന് രാജ്ഭവനെ വേദിയാക്കുന്നെന്നാണ് മുഖപ്രസംഗത്തിൽ ജനയുഗം ആക്ഷേപിക്കുന്നത്. 'ഗവർണർ വീണ്ടും മനോനില തെറ്റിയവരെപ്പോലെ ആവർത്തിക്കുന്നതിനു പിന്നിലെ ചേതോവികാരം എന്തെന്ന് വ്യക്തമാകുന്നില്ല. പരിപാവനമെന്ന് പലരും കരുതുന്ന രാജ്ഭവനെ 'ഗുണ്ടാ രാജ്ഭവൻ' ആക്കിയതുപോലെയാണ് അദ്ദേഹത്തിന്‍റെ വാർത്തസമ്മേളനമെന്നും' ചൂണ്ടിക്കാട്ടുന്നു.

പ്രതിപക്ഷം നിലപാട് വ്യക്തമാക്കണം –ഐ.എൻ.എൽ

കോഴിക്കോട്: ഭരണഘടന വ്യവസ്ഥകൾ കാറ്റിൽപറത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രീയ അഴിഞ്ഞാട്ടത്തിലൂടെ കേരളീയ സമൂഹത്തെ വെല്ലുവിളിക്കുമ്പോൾ, പരോക്ഷമായി അതിന് പിന്തുണ നൽകുകയും സർക്കാറിനെ സമ്മർദത്തിലാക്കാൻ പഴുതുകൾ തേടുകയും ചെയ്യുന്ന പ്രതിപക്ഷം നിലപാട് വ്യക്തമാക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു. ഗവർണറുടെ ദുശ്ശാഠ്യവും ആർ.എസ്.എസ് പ്രീണന നിലപാടും ഗുരുതര ഭരണഘടന പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഗവർണറുടെ ജനാധിപത്യവിരുദ്ധ നീക്കങ്ങളെ ഒറ്റക്കെട്ടായി എതിർത്തു തോൽപിക്കാൻ പ്രതിപക്ഷം മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Deshabhimani and Janayugam against the Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.