തിരുവനന്തപുരം: വിഴിഞ്ഞം സമരത്തെ രൂക്ഷമായി വിമർശിച്ച് സി.പി.എം മുഖപത്രമായ ദേശാഭിമാനി. വിമോചന സമരത്തിന്റെ പാഠപുസ്തകം ചിലർ ഇപ്പോഴും കൈയിൽ കരുതുന്നുണ്ടോയെന്ന് സംശയം ഉയർത്തുന്നതാണ് നിലവിലെ സംഭവഗതികളെന്ന് പത്രത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. സമരത്തിന് ആഗ്രഹിക്കുംവിധം വാർത്താ പ്രാധാന്യം കിട്ടുന്നില്ലെന്ന തിരിച്ചറിവാണ് കലാപസമാന അവസ്ഥയുണ്ടാക്കിയതെന്ന് കുറ്റപ്പെടുത്തി.
പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കും നേരെ ആസൂത്രിതവും സംഘടിതവുമായ അതിക്രമമാണ് സമരക്കാർ അഴിച്ചുവിട്ടത്. പൊലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനമില്ലാതെയായിരുന്നു അഴിഞ്ഞാട്ടം. വൈദികരടക്കം ഇതിന്റെ നേതൃത്വത്തിലുണ്ടായിരുന്നുവെന്നത് ഗൗരവതരമാണ്.
വനിത മാധ്യമ പ്രവർത്തകർക്കുനേരെ അശ്ലീല പരാമർശങ്ങളുണ്ടായതും നീതീകരിക്കാവുന്നതല്ലെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. തുറമുഖ നിർമാണം നിർത്തി തീരശോഷണത്തെപ്പറ്റി പഠനം നടത്തണമെന്നതൊഴികെ മറ്റെല്ലാ ആവശ്യവും സർക്കാർ അംഗീകരിച്ചിരുന്നു. പദ്ധതി നിർത്തണമെന്ന നിർദേശം നടപ്പാക്കാനാകില്ലെന്ന് ചർച്ചകളിൽ സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്.
തീരുമാനം അറിയിക്കാമെന്ന് പറഞ്ഞ് പിരിയുന്ന നേതാക്കൾ ആക്രോശത്തോടെ വീണ്ടും സമരമുഖത്ത് സാന്നിധ്യമറിയിക്കുകയാണ്. കലാപം ആഗ്രഹിക്കുന്നവരും അല്ലാത്തവരുമെന്ന നിലയിൽ സമരക്കാർ രണ്ട് തട്ടിലായിരിക്കുന്നെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കേണ്ടത് നാടിന്റെ പൊതുആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ചരക്ക് നീക്കത്തിന്റെ 30 ശതമാനത്തോളം വിഴിഞ്ഞം അന്താരാഷ്ട്ര കപ്പൽ ചാലിലൂടെയാണെങ്കിലും ചരക്ക് നീക്കത്തിന്റെ മുക്കാൽ പങ്കും നിലവിൽ കൊളംബോയിൽനിന്നാണ് കൈകാര്യം ചെയ്യുന്നത്. ഇതുവഴി പ്രതിവർഷം 2000 കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടെന്നാണ് അനുമാനിക്കുന്നത്. വിഴിഞ്ഞം യാഥാർഥ്യമാകുന്നതോടെ 1500 കോടിയുടെ ചരക്കുനീക്കം വിഴിഞ്ഞത്തുണ്ടാകും. തുറമുഖ നിർമാണത്തിന്റെ ആദ്യഘട്ടത്തിലെ 400 മീറ്ററിന്റെ രണ്ട് ബെർത്തുകൾ പ്രവർത്തനക്ഷമമായാൽത്തന്നെ ആദ്യവർഷം ചുരുങ്ങിയത് 200 കോടിയുടെ ക്രയവിക്രയവുമുണ്ടാകും. ഇത് യഥാക്രമം 7822 കോടിയിലെത്തുമെന്നാണ് കണക്ക്.
7700 കോടി രൂപ ചെലവിൽ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ഒരു ദശലക്ഷം ടി.ഇ.യു കണ്ടെയ്നർ കൈകാര്യം ചെയ്യാൻ തുറമുഖം പ്രാപ്തമാകും. അനുബന്ധ വികസനങ്ങളും പതിനായിരക്കണക്കിന് തൊഴിൽ സാധ്യതകളും വേറെയുമുണ്ടാകും. ഇതു കേരളത്തിന്റെ മുഖച്ഛായതന്നെ മാറ്റും. വിഴിഞ്ഞത്തെത്തുന്ന ചരക്കുകൾ ഫീഡർ വെസലുകൾ വഴി സംസ്ഥാനത്തെ മറ്റു ചെറുകിട തുറമുഖങ്ങളിലും എത്തിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.