കോട്ടയം: പരിസ്ഥിതിക്കും വിവരസാങ്കേതികവിദ്യക്കും വളരെയധികം പ്രാധാന്യം നൽകുന്നുവെന്ന് അവകാശപ്പെടുമ്പോഴും സംരക്ഷിത വനമേഖലക്ക് ചുറ്റും കൃത്യം ഒരു കിലോമീറ്റർ അകലത്തിൽ കരുതൽ മേഖലയുടെ അതിർത്തി നിർണയിക്കാൻ പോലും സംസ്ഥാന സർക്കാറിന് കഴിയുന്നില്ല.
22 സംരക്ഷിത വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ജിയോ കോഓഡിനേറ്ററുകൾ ഉപയോഗിച്ച് ഒരു കിലോമീറ്റർ അകലത്തിൽ അതിർത്തി നിർണയിക്കുന്നതിന് ദിവസങ്ങൾ മാത്രം മതി.
എന്നാൽ, ഇതിനുള്ള സാങ്കേതിക സൗകര്യംപോലും വനംവകുപ്പിനില്ല. വനഭൂമിയുടെയും റവന്യൂഭൂമിയുടെയും അതിർത്തി വേർതിരിക്കാൻ 33 വർഷം മുമ്പ് ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നു. റവന്യൂ, വനഭൂമികൾ ഒരേ വില്ലേജ് രേഖകളിൽ ഒരുമിച്ച് കിടക്കുന്നത് വനസംരക്ഷണത്തിന് തടസ്സമാകുന്നുവെന്നത് 1980 കളിൽതന്നെ സർക്കാർ തിരിച്ചറിഞ്ഞതാണ്.
കേരളത്തിലെ മുഴുവൻ വനാതിർത്തികളും കൃത്യമായി രേഖപ്പെടുത്താനായി 1989 ആഗസ്റ്റ് 31ന് ജിഒ (എംഎസ്) 655/89 ആർഡി എന്ന നമ്പറിൽ സർക്കാർ ഉത്തരവിറക്കി. റവന്യൂ വകുപ്പും വനം വകുപ്പും അതത് പ്രദേശത്തിന്റെ ചുമതല വഹിക്കുന്ന സർവേ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറിമാരും വനത്തോടുചേർന്നുള്ള ഭൂമിയുടെ ഉടമകളും ചേർന്ന് നിലവിലെ രേഖകൾ പരിശോധിച്ച് ഭൂമി തരംതിരിക്കണമെന്നായിരുന്നു നിർദേശം.
ജില്ല കലക്ടർമാരും ഡി.എഫ്.ഒമാരുമായിരുന്നു ഇതിന് മുൻകൈയെടുക്കേണ്ടിയിരുന്നത്. എന്നാൽ, ഇതുവരെ നിർദേശം നടപ്പാക്കാനായിട്ടില്ല. കൃത്യമായി നിർണയിക്കപ്പെട്ടാൽ 22 സംരക്ഷിത പ്രദേശങ്ങളുടെയും അതിർത്തി വനത്തിനുള്ളിൽ ഒതുങ്ങുമെന്ന് കർഷകസംഘടനകൾ പറയുന്നു. എല്ലാ വന്യജീവി സങ്കേതങ്ങളുടെയും അതിർത്തി അന്തിമ വിജ്ഞാപനത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ആ സാഹചര്യത്തിൽ പഴയ രീതിയിൽ ജണ്ടകളുടെയോ ആധുനികരീതിയിൽ 10 മീറ്റർ അകലത്തിൽ ജിയോ കോഓഡിനേറ്ററുകളുടെയോ അടിസ്ഥാനത്തിൽ കൃത്യമായ അതിർത്തി വനംവകുപ്പിന്റെ പക്കൽ ഉണ്ടാവേണ്ടതാണ്.
അതുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നിർദേശം വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ജിയോ കോഓഡിനേറ്ററുകളുടെ സഹായത്താൽ എല്ലാ വന്യജീവി സങ്കേതങ്ങളുടെയും ചുറ്റും ഒരു കിലോമീറ്റർ അകലത്തിൽ കരുതൽ മേഖല നിർണയിച്ച് കൃത്യമായ ഭൂപടം പ്രസിദ്ധീകരിക്കാൻ കഴിയുമായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതിന് കഴിയാതെ വന്നതോടെ ഒരു കിലോമീറ്റർ അകലത്തിലല്ല കരുതൽ മേഖലയുടെ ഉപഗ്രഹ സർവേ നടത്തിയത് എന്ന് വ്യക്തമാവുകയാണ്.
ഇതിൽ വനംവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ഉദ്യോഗസ്ഥർതന്നെ സമ്മതിക്കുന്നു. ഒരു കിലോമീറ്റർ കരുതൽ മേഖല നിശ്ചയിച്ച് നിർമിതികളുടെ കണക്ക് നൽകാനാണ് സുപ്രീംകോടതി നിർദേശം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ കൃത്യതയില്ലാത്ത കണക്കുമായിട്ടായിരിക്കും കേരളത്തിലെ വനംവകുപ്പിന് സുപ്രീംകോടതിയിൽ എത്തേണ്ടിവരുക.
മാത്രമല്ല, കുടിയേറ്റ കർഷകർക്കും പൊതുസമൂഹത്തിനുമുണ്ടായിരിക്കുന്ന ആശങ്കകൾ പരിഹരിക്കാനും കൃത്യം ഒരു കിലോമീറ്റർ അകലമുള്ള കരുതൽ മേഖല നിർണയിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.