കൊച്ചി: കേരളത്തിന്റെ വ്യവസായ മേഖലയിൽ ബിസ്മിയെന്ന ബ്രാൻഡ് വളർത്തി ചുവടുറപ്പിച്ച വ്യക്തിത്വമായിരുന്നു അന്തരിച്ച വി.എ. യൂസുഫ്. ഗൃഹോപകരണ രംഗത്ത് ബിസ്മിയെ നിർണായക ശക്തിയാക്കിയതിന് പിന്നിൽ സ്ഥാപകനായ അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യമാണ്.
എറണാകുളത്ത് വലിയവീട്ടിൽ അലി യൂസുഫ് മെക്കാനിക്കൽ എൻജിനീയറായാണ് കരിയർ ആരംഭിച്ചത്. 11ാം വയസ്സിൽ പിതാവിന്റെ വിയോഗശേഷം വിദ്യാഭ്യാസം നൽകിയതും വളർത്തിയതുമൊക്കെ സഹോദരൻ വി.എ. ഇബ്രാഹിംകുട്ടിയാണ്. എൻജിനീയറിങ് പഠനം പൂർത്തീകരിച്ച യൂസുഫ് വിവിധ സ്ഥാപനങ്ങളിലായി ഒമ്പതുവർഷത്തോളം ജോലി ചെയ്തു. പിന്നീട് മിക്ക സംസ്ഥാനങ്ങളും സന്ദർശിച്ചതിലൂടെ ഇന്ത്യയെ മനസ്സിലാക്കാനായെന്ന് അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. ഈ യാത്രകളിലൂടെ എന്താണ് വ്യവസായ മേഖലയിലെ രാജ്യത്തിന്റെ ശക്തിയെന്ന് തിരിച്ചറിയാനായി. ഇതോടെ സ്വന്തമായി വ്യവസായം എന്ന ആശയത്തിലേക്ക് കടന്നു. വിതരണ രംഗത്തേക്ക് ചുവടുവെച്ച അദ്ദേഹം പിന്നീട് കഠിനപ്രയത്നത്തിലൂടെ വിജയക്കൊടി പാറിക്കുകയായിരുന്നു. 1984ലാണ് ബിസ്മി എന്ന പേരിൽ സംരംഭങ്ങൾക്ക് തുടക്കമിട്ടത്. ബിസ്മി ഗ്യാസ് ഏജൻസിയാണ് അന്ന് തുടങ്ങിയത്. ഗ്യാസ് ഏജൻസികൾക്ക് വലിയ സ്വീകാര്യത ലഭിച്ചുവന്ന അക്കാലത്ത് വലിയ വളർച്ചയുണ്ടാക്കാൻ ബിസ്മിക്ക് സാധിച്ചു. 1998ലാണ് ഹോം അപ്ലയൻസസ് രംഗത്തേക്ക് കടന്നത്. അത് പിന്നീട് വൻ ബിസിനസായി വളർന്നു. മൂന്ന് പതിറ്റാണ്ടിലധികം പാരമ്പര്യമുള്ള ബിസ്മി ഗ്യാസ് ഏജൻസി ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കൊപ്പംനിന്ന് അവരുടെ നിർദേശങ്ങൾ സ്വീകരിച്ചാണ് മുന്നോട്ടുപോയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. താൻ നേരിട്ട് ഉപഭോക്താക്കളിലേക്ക് ഇറങ്ങിച്ചെല്ലുമായിരുന്നുവെന്നും അതിലൂടെ സ്വീകാര്യത വർധിപ്പിക്കാനായെന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
കേരള മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്സിന്റെ പ്രസിഡൻറ് പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇതിലൂടെ കൊച്ചിയിലെ സംരംഭകരുടെയും വ്യാപാരികളുടെയും ക്ഷേമത്തിനുവേണ്ടി അദ്ദേഹം നിലകൊണ്ടു. നഗരത്തിന്റെ വ്യാപാരമേഖലയുടെ പുരോഗതിക്ക് നിർണായക സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു വി.എ. യൂസുഫ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.