തൃശൂർ: ജാതിവിവേചനം നേരിട്ട ബാലുവിനെ കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ തന്നെ തുടരുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. കൂടൽമാണിക്യം ദേവസ്വം ഓഫീസുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും ജോലിയിലേക്ക് മാറ്റിനിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബാലു അപേക്ഷ നൽകിയിരുന്നു.
എന്നാൽ, ഇക്കാര്യത്തിൽ ദേവസ്വത്തിന് തീരുമാനമെടുക്കാൻ സാധിക്കില്ലെന്നാണ് വിശദീകരണം. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കഴകം തസ്തികയിലാണ് ബാലുവിനെ നിയമിച്ചത്. താൽക്കാലിക ജോലി ക്രമീകരണത്തിന്റെ ഭാഗമായി അഡ്മിനിസ്ട്രേറ്റർ ദേവസ്വം ഓഫീസിലെ അറ്റൻഡർ ജോലിയിലേക്ക് ബാലുവിനെ മാറ്റിയിരുന്നുവെങ്കിലും അതൊരു സ്ഥിരനിയമനമല്ല. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിഷ്‍കർഷിച്ച ജോലി തന്നെ ബാലു ചെയ്യണമെന്നും ദേവസ്വം ചെയർമാൻ അഡ്വ.സി.കെ ഗോപി പറഞ്ഞു.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ പരീക്ഷ ജയിച്ച് കഴകം തസ്തികയിൽ നിയമിതനായ പിന്നാക്ക സമുദായക്കാരനായ ബാലുവിനെ മാറ്റിയത് വിവാദമായിരുന്നു. കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കഴകക്കാരനായി നിയമിച്ച ഈഴവ സമുദായത്തിൽപ്പെട്ടയാളെയാണ് ഓഫിസിലേക്ക് മാറ്റിയത്.
തന്ത്രി, വാര്യർ സമാജം എതിർപ്പിനെ തുടർന്നാണ് കഴകക്കാരനെ മാറ്റിയത്. മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ആറ് തന്ത്രിമാർ ദേവസ്വത്തിന് കത്തുനൽകിയതായാണ് വിവരം. എന്നാല്‍ സ്ഥലംമാറ്റം താൽക്കാലികമെന്നാണ് ദേവസ്വം ബോർഡിന്‍റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.