സംസ്ഥാനത്ത് ദേശീയപാത 66 ആറുവരിയിൽ വികസിപ്പിക്കുന്നതിന്‍റെ പ്രവൃത്തി അതിവേഗം മുന്നേറുകയാണ്. പണി പൂർത്തിയായ ഇടങ്ങളിലെല്ലാം പാത ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്നാണ് കരുതുന്നത്.
ആറുവരിപ്പാതയിൽ വാഹനമോടിക്കുമ്പോൾ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പലർക്കും അറിയാവുന്ന കാര്യങ്ങളാണെങ്കിലും അറിയാത്ത ആളുകളും നിരവധിയാണ്. പ്രധാന കാര്യം ലെയ്ൻ ട്രാഫിക് കൃത്യമായി പാലിച്ച് വേണം വണ്ടിയോടിക്കാൻ എന്നതാണ്.
ലെയ്ൻ ട്രാഫിക് സംവിധാനമുള്ള റോഡുകളിൽ കൃത്യമായും ട്രാഫിക് നിയമങ്ങൾ പാലിക്കണം. വേഗത കൂടുതലായതിനാൽ അപകടസാധ്യതയും കൂടുതലാണ്. ട്രാക്കുകൾ മാറുമ്പോൾ ഇൻഡികേറ്റർ ഇടുകയും മിറർ നോക്കി പുറകിലെ വാഹനത്തിന്റെ സ്ഥാനം മനസ്സിലാക്കുകയും വേണം. ചെറിയൊരു അശ്രദ്ധപോലും വലിയ അപകടങ്ങൾ ഉണ്ടാക്കാം.
ആറ് വരിയിൽ ഇരുവശത്തും മൂന്ന് വരി വീതമാണല്ലോ. ഇതിൽ ഒന്നാമത്തെ ലെയ്ന്‍, അതായത് ഏറ്റവും ഇടതുവശമുള്ള ലെയ്ന്‍, ഭാരവാഹനങ്ങള്‍ക്കും വേഗത കുറഞ്ഞ മറ്റ് വാഹനങ്ങള്‍ക്കുമാണ്. ചരക്കുലോറികള്‍, ട്രക്ക്, ഓട്ടോ, ഇരുചക്ര വാഹനങ്ങള്‍ എന്നിവയെല്ലാം ഈ ലെയ്‌നാണ് ഉപയോഗിക്കേണ്ടത്. നടുവിലെ വരിയാണ് നോര്‍മല്‍ ലെയിന്‍ അഥവാ സുരക്ഷിതവേഗ ഇടനാഴി. നടുവിലെ ഈ ലെയ്‌നിലൂടെയാണ് ദീര്‍ഘ ദൂരം സുരക്ഷിതവേഗതയില്‍ പോകേണ്ട വാഹനങ്ങള്‍ ഡ്രൈവ് ചെയ്യേണ്ടത്. വേഗം കുറഞ്ഞ ഒന്നാമത്തെ ലെയ്നിൽ പോകുന്ന വാഹനങ്ങൾക്ക് മുന്നിലുള്ള മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാനും നടുവിലെ ലെയ്‌നിലേക്ക് കയറാം. ഓവർടേക്ക് ചെയ്ത ശേഷം തിരികെ ഇടത്തേ ലൈനിലേക്ക് തന്നെ കടക്കണം.
വലതുവശത്തെ ലെയ്ൻ, അതായത് മീഡിയനോട് ചേർന്നുള്ള വരി, ഒഴിച്ചിടണമെന്ന് പറഞ്ഞല്ലോ. ഈ വരി എമർജൻസി വാഹനങ്ങൾക്കും ഓവർടേക്കിങ്ങിനും മാത്രമുള്ളതാണ്. അതായത്, ഈ വരിയിൽ മറ്റ് വാഹനങ്ങൾ കൂടുതൽ സമയം ഓടിക്കരുത്. ആംബുലൻസ്, ഫയർ സർവിസ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾക്കായി ഒഴിച്ചിടേണ്ടതാണ് ഈ വരി. നടുവിലെ വരിയിലൂടെ പോകുന്ന വേഗം കൂടിയ വാഹനങ്ങൾക്ക് മുന്നിലെ വാഹനത്തെ മറികടക്കാൻ ഈ വരിയിലേക്ക് കയറാം. ഓവർടേക് ചെയ്തുകഴിഞ്ഞയുടൻ തന്നെ തിരികെ നടുവിലെ വരിയിലേക്ക് തന്നെ കടക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.