കോഴിക്കോട്: ഭാവിയുടെ കാലാവസ്ഥക്ക് ഭീഷണിയുടെ തീ പടർത്തി പശ്ചിമഘട്ടത്തിൽ വികസനത്തിെൻറ പേരിൽ നിർമാണ പ്രവർത്തനങ്ങളും ടൂറിസത്തിെൻറ മറവിൽ പരിസ്ഥിതിനാശവും തകൃതി. പശ്ചിമഘട്ടത്തിെൻറ സംസ്ഥാനത്തെ ഏറ്റവും ജൈവ സമ്പന്നമായ സുഗന്ധഗിരി, വൈത്തിരി മലനിരകളിലെ കുറ്റ്യാടി, നാടുകാണി, കൊട്ടിയൂർ, താമരേശ്ശരി ചുരം എന്നിവിടങ്ങളിലാണ് അതീവ പരിസ്ഥിതിലോല പ്രദേശമായിട്ടും നിർമാണ പ്രവർത്തനവും മാലിന്യനിക്ഷേപവും വ്യാപകമായത്.
താമരശ്ശേരി ചുരത്തിൽ മാത്രം 10 വർഷത്തിനിടെ രണ്ട് ഡസനിലേറെ കെട്ടിടങ്ങളാണ് ഉയർന്നത്. ഇവിടെനിന്ന് ഉദ്ഭവിക്കുന്ന നദികളുടെ ജലശോഷണത്തിന് പുറമെ, വംശനാശം സംഭവിക്കുന്ന അപൂർവ ഇനം സസ്യഇനങ്ങളുടെ നാശത്തിനുവരെ ഇത്തരം പ്രവർത്തനങ്ങൾ കാരണമാകുന്നതായി പരിസ്ഥിതി ശാസ്ത്രജ്ഞരും സർക്കാർ വകുപ്പുകളും ചൂണ്ടിക്കാട്ടുന്നു. ചാലിയാർ, കുറ്റ്യാടി, ഇരുവഴിഞ്ഞി, ഇരുതുള്ളി, പൂനൂർ പുഴകളുടെ ഉദ്ഭവസ്ഥാനമാണ് വയനാട് മലനിരകൾ. എന്നാൽ, ഇൗ പുഴകളിലേക്കുള്ള ആദ്യ ഉറവുകൾ പലതും ഇല്ലാതായതായി സി.ഡബ്ല്യു.ആർ ഡി.എം സീനിയർ പ്രിൻസിപ്പൽ സയൻറിസ്റ്റ് വി.പി. ദിനേശൻ പറഞ്ഞു. നദികളുടെ ഉദ്ഭവസ്ഥാനങ്ങളിൽ നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
വയനാടൻ മലനിരകളിൽനിന്ന് ഉദ്ഭവിക്കുന്ന പുഴകളിൽ പ്രതിവർഷം 10 ശതമാനത്തോളം നീരൊഴുക്ക് കുറഞ്ഞതായി ജലവിഭവ വകുപ്പ് നടത്തിയ പഠനവും പറയുന്നു. താമരശ്ശേരി ചുരത്തിൽ ദൃശ്യമായിരുന്ന കടുവ, പുള്ളിപ്പുലി, മലയണ്ണാൻ, രാജവെമ്പാല തുടങ്ങിയ ഇനം ജീവികളെ കാണാതായതായി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ. ജാഫർ പാലോട്ട് ചൂണ്ടിക്കാട്ടി. വംശനാശം സംഭവിക്കുന്നതടക്കം അപൂർവ ഇനം സസ്യസമ്പത്തിെൻറ കലവറയായ ചുരത്തിൽ പല ഇനങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ പയ്യന്നൂർ ഗവ. കോളജിലെ അസി. പ്രഫസർ എം.കെ. രതീഷ് നാരായണൻ, തളിപ്പറമ്പ് സർ സയ്യിദ് കോളജിലെ അസി. പ്രഫസർ ഡോ. അബ്ദുസ്സലാം എന്നിവർ പറയുന്നു.
വംശനാശം നേരിടുന്ന ഏഴ് ഇനം ഞാവലുകൾ, മിത്തിപ്പഴം, എലിയോ കാർപസ് ഇനത്തിൽപെട്ട സസ്യങ്ങൾ എന്നിവയടക്കമാണ് ഇല്ലാതാകുന്നത്.
അപൂർവ ഇനം പന്നൽ ചെടികളുടെ 3500ഒാളം ഇനങ്ങൾ, ടെറിടോ ഫൈറ്റുകളുടെ 450 ഒാളം ഇനങ്ങൾ, 325ഒാളം ബ്രിയോഷൈറ്റ്സ് ഇനം, 140ഒാളം ഇനം ഒാർകിഡുകൾ, 50 ഇനം പൂപ്പലുകൾ, 700ഒാളം ഫംഗസ് ഇനങ്ങൾ എന്നിവയടക്കം വയനാടൻ ചുരത്തിൽ ഉള്ളതായാണ് 100 വർഷം മുമ്പ് ബ്രിട്ടീഷുകാരനായ ദ ഫ്ലോറ ഒാഫ് മദ്രാസ് െറസിഡൻസി എന്ന പുസ്തകത്തിൽ ജെ.എസ്. ഗാമ്പ്ൾ വ്യക്തമാക്കിയത്.
എന്നാൽ, പല ഇനങ്ങളും നാമാവശേഷമായി. പ്രശ്നത്തിന് പരിഹാരമായി, വയനാട് പശ്ചിമഘട്ടത്തെ പ്രത്യേക ബയോസ്ഫിയറായോ വൈൽഡ് ലൈഫ് സാങ്ച്വറിയായോ പ്രഖ്യാപിക്കണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെയും ശാസ്ത്രജ്ഞരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.